600ാമത്തെ ഇര സാം കറന്‍; തകര്‍പ്പന്‍ നേട്ടവുമായി ഡ്വെയ്ന്‍ ബ്രാവോ
ലണ്ടന്‍: ടി20യിൽ 600 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറായി ഡ്വെയ്ൻ ബ്രാവോ മാറി. ഇംഗ്ലണ്ടിന്‍റെ സാം കറനാണ് ബ്രാവോയുടെ 600-ാമത്തെ ഇര. ദി ഹണ്ട്രഡിൽ നോർത്തേൺ സൂപ്പർ ചാർജേഴ്സിനായി കളിക്കുന്നതിനിടെയാണ് വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഈ ചരിത്ര നേട്ടം കൈവരിച്ചത്.
2006ൽ വെസ്റ്റ് ഇൻഡീസിനായി ടി20യിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം 91 മത്സരങ്ങളില്‍ നിന്നും 78 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ലീഗ് ക്രിക്കറ്റ് കളിച്ച് ബ്രാവോ ശേഷിക്കുന്ന 522 വിക്കറ്റുകൾ വീഴ്ത്തി.
ടി20യിൽ 25ലധികം ടീമുകളുടെ ഭാഗമാണ് ബ്രാവോ. ഐപിഎല്ലിൽ 161 മത്സരങ്ങളിൽ നിന്നും 183 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരം കൂടിയാണ് ബ്രാവോ. ടി20യിൽ വിക്കറ്റ് വേട്ടക്കാരിൽ അഫ്ഗാനിസ്ഥാന്‍റെ റാഷിദ് ഖാനാണ് ബ്രാവോയ്ക്ക് പിന്നിൽ. 399 മത്സരങ്ങളിൽ നിന്നും 466 വിക്കറ്റുകളാണ് ലെഗ് സ്പിന്നർ വീഴ്ത്തിയത്.