സാമ്പ്രാണിക്കോടി തുരുത്ത്; കര്‍ശന നിയന്ത്രണങ്ങളോടെ വെള്ളിയാഴ്ച വീണ്ടും തുറക്കാൻ തീരുമാനം

മാസങ്ങളായി അടച്ചിട്ടിരുന്ന കൊല്ലത്തെ സമ്പ്രാണിക്കോടി തുരുത്ത് കർശന നിയന്ത്രണങ്ങളോടെ വെള്ളിയാഴ്ച തുറക്കും. ഒരു ദിവസം 1,000 പേരെ മാത്രമേ സന്ദർശിക്കാൻ അനുവദിക്കൂവെന്ന് ഡിടിപിസി ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ജൂലൈയിൽ ഡിങ്കിവള്ളം മറിഞ്ഞ് പ്രദേശത്തെ ഒരു സ്ത്രീ മരിച്ചതിനെ തുടർന്നാണ് സന്ദർശകർക്ക് നിരോധനം ഏർപ്പെടുത്തിയത്. തുരുത്ത് ഭാഗത്തേക്ക് പോകാനുള്ള അനുമതിക്കായി 53 ബോട്ടുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ആദ്യ ഘട്ടത്തിൽ ബന്ധപ്പെട്ട എല്ലാ രേഖകളും സഹിതം 19 ബോട്ടുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

രേഖകൾ ശരിയാക്കി സമർപ്പിക്കുമ്പോൾ രണ്ടാം ഘട്ടത്തിൽ ശേഷിക്കുന്ന ബോട്ടുകൾ അനുവദിക്കും. കൂടാതെ, കനാൽ ലൈസൻസുള്ള എട്ട് വള്ളങ്ങള്‍ക്ക് ടൂറിസ്റ്റുകളുമായി തുരുത്തിന് ചുറ്റും തുഴഞ്ഞ് കാഴ്ചകൾ കാണിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഒരാൾക്ക് 150 രൂപയാണ് തുരുത്തിലേക്കുള്ള യാത്രാ നിരക്ക്.

കുട്ടികൾക്കും കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി വരുന്നവർക്കും നിരക്ക് കുറയ്ക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഇത് പിന്നീട് പരിഗണിക്കും. ഓൺലൈനായി ടിക്കറ്റ് നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നതിന് കാലതാമസം വരുമെന്നതിനാൽ സമ്പ്രാണിക്കോടി ഡി.ടി.പി.സി സെന്‍റർ വഴി ടിക്കറ്റുകൾ ഓഫ്‌ലൈനായാണ് വിതരണം ചെയ്യുക.