സാംസങ് ഗാലക്‌സി Z ഫോൾഡ് 4, ഫ്ലിപ്പ് 4 ഫോണുകളുടെ വില പ്രഖ്യാപിച്ചു

സാംസങ് ഗാലക്സി Z ഫോൾഡ് 4, സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 എന്നീ പുതിയ പ്രീമിയം സീരീസ് ഫോണുകളുടെ വില സാംസങ്ങ് പ്രഖ്യാപിച്ചു. ഇതിനൊപ്പം ഫോണിന്‍റെ പ്രീ-ബുക്കിംഗും ഇന്ന് മുതൽ രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്. സാംസങ് ഗാലക്സി Z ഫോൾഡ് 4 ഫോണുകൾ സാംസങ്ങിന്‍റെ ഗാലക്സി Z ഫോൾഡ് 3 യുടെ നവീകരിച്ച പതിപ്പാണ്. രണ്ട് ഫോണുകളുടെയും പ്രധാന ആകർഷണം അതിന്‍റെ പ്രോസസ്സറാണ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 പ്രോസസറാണ് ഈ ഫോണുകളുടെ പ്രത്യേകത. ഫോണിന്‍റെ ഡിസൈനിലും നിരവധി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇതുകൂടാതെ മികച്ച ക്യാമറയും ഫോണിലുണ്ട്.

ബോറ പർപ്പിൾ, ഗ്രാഫൈറ്റ്, ബ്ലൂ, പിങ്ക് ഗോൾഡ് എന്നീ നാല് കളർ വേരിയന്‍റുകളിൽ ഇന്ത്യയിൽ ഫോൺ ലഭ്യമാകും. സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 ഫോണുകൾ ആകെ 2 സ്റ്റോറേജ് വേരിയന്‍റുകളിലാണ് വരുന്നത്.  12 ജിബി റാം 128 സ്റ്റോറേജ് വേരിയന്‍റിന്റെ വില 89,999 രൂപയാണ്.   12 ജിബി റാം 256 ജിബി സ്റ്റോറേജുള്ള ഫോണിന്‍റെ വില 94,999 രൂപയാണ്.

കോംപാക്റ്റ് ക്ലാംഷെൽ ഡിസൈനാണ് ഫോണിനുള്ളത്. മോട്ടറോള റേസർ ഫോണുകൾക്ക് സമാനമായ ഡിസൈനാണിത്. ഹാൻഡ്സ് ഫ്രീ വീഡിയോകൾ ചിത്രീകരിക്കാനും ഫുൾ ഗ്രൂപ്പ് സെൽഫികൾ എടുക്കാനുമുള്ള സൗകര്യവും ഫോണിലുണ്ട്. സാംസങ് പുതിയ ഫ്ലെക്സി ക്യാമറകളും അവതരിപ്പിച്ചിട്ടുണ്ട്. 3,700 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. സൂപ്പർ ഫാസ്റ്റ് ചാർജിംഗ് സൗകര്യവും ഫോണിലുണ്ട്. അരമണിക്കൂറിനുള്ളിൽ ഫോൺ 50 ശതമാനം ചാർജ് ചെയ്യാൻ കഴിയുമെന്നാണ് സാംസങ് അവകാശപ്പെടുന്നത്.