സാംസങ് ലോകത്തെ ഏറ്റവും മികച്ച തൊഴില്‍ ദാതാവ്; ആദ്യ നൂറിൽ റിലയൻസും

ഫോബ്സിന്‍റെ ലോകത്തിലെ ഏറ്റവും മികച്ച തൊഴില്‍ ദാതാക്കളുടെ ആദ്യ 100 പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഒരു കമ്പനി മാത്രം. 20ആം സ്ഥാനത്തുള്ള റിലയൻസ് ഇൻഡസ്ട്രീസ്. റിലയൻസിന് 23 ലക്ഷം ജീവനക്കാരുണ്ട്. ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് ആണ് പട്ടികയിൽ ഒന്നാമത്.

മൈക്രോസോഫ്റ്റ്, ഐബിഎം, ആൽഫബെറ്റ്, ആപ്പിൾ എന്നിവയാണ് 2 മുതൽ 5 വരെ സ്ഥാനങ്ങളിൽ. സാംസങ് ഒഴികെയുള്ള മികച്ച 10ലുള്ള കമ്പനികൾ എല്ലാം യുഎസ് ആസ്ഥാനമായുള്ളവയാണ്. എച്ച്ഡിഎഫ്സി (137), ബജാജ് (173), ആദിത്യ ബിർള ഗ്രൂപ്പ് (240), ഹീറോ മോട്ടോകോർപ്പ് (333), ലാർസൻ ആൻഡ് ടുബ്രോ (354), ഐസിഐസിഐ ബാങ്ക് (365), എച്ച്സിഎൽ ടെക്നോളജീസ് (455), എസ്ബിഐ (499), അദാനി എന്‍റർപ്രൈസസ് (547), ഇൻഫോസിസ് (668) എന്നിവയാണ് പട്ടികയിലെ മറ്റ് കമ്പനികൾ.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 800ലധികം കമ്പനികൾ ഫോബ്സ് പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഫോബ്സ് നടത്തിയ സർവേയിൽ 57 രാജ്യങ്ങളിൽ നിന്നുള്ള 1,50,000 ജീവനക്കാർ പങ്കെടുത്തു.