ഇന്ത്യയിലെ ഗവേഷണവിഭാഗം ശക്തമാക്കാന്‍ സാംസങ്; 1000 പേരെ നിയമിക്കും

മുംബൈ: കൊറിയൻ കമ്പനിയായ സാംസങ് ഇന്ത്യയിൽ ഗവേഷണ വിഭാഗം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി ഐഐടികളിൽ നിന്നും പ്രമുഖ എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നും 1,000 പേരെ കമ്പനി നിയമിക്കും. ആഗോളതലത്തിൽ വൻകിട ടെക്‌നോളജി കമ്പനികൾ കൂട്ടത്തോടെ പിരിച്ചുവിടൽ നടത്തുന്ന സമയത്താണ് സാംസങ്ങിന്‍റെ നിയമനം.

ബെംഗളൂരു, നോയിഡ, ഡൽഹി എന്നിവിടങ്ങളിലെ റിസർച്ച് ആൻഡ് ഡെവലപ്മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, ബെംഗളൂരുവിലെ സാംസങ് സെമികണ്ടക്ടർ ഇന്ത്യ റിസർച്ച് എന്നിവിടങ്ങളിലാണ് ഇവരെ നിയോഗിക്കുക. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, മെഷീൻ ലേണിംഗ്, ഇമേജ് പ്രോസസ്സിംഗ്, ഇന്‍റർനെറ്റ് ഓഫ് തിംഗ്സ്, കണക്റ്റിവിറ്റി, ക്ലൗഡ്, ബിഗ് ഡാറ്റ, പ്രൊഡക്ടീവ് അനാലിസിസ്, വിവരശേഖരണം തുടങ്ങിയ പുതിയ സാങ്കേതികവിദ്യകളിൽ ഗവേഷണം നടത്തുകയാണ് ലക്ഷ്യം.

ഡിജിറ്റൽ ഇന്ത്യ സംരംഭം ശക്തിപ്പെടുത്തുന്നതിലൂടെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ തങ്ങൾ പദ്ധതിയിടുകയാണെന്ന് സാംസങ് ഇന്ത്യ ഹ്യൂമൻ റിസോഴ്സസ് മേധാവി സമീര്‍ വാധാവന്‍ പറഞ്ഞു. ഇന്ത്യയിലെ സാംസങ്ങിന്‍റെ ഗവേഷണ കേന്ദ്രങ്ങൾ ഇതുവരെ 7,500 പേറ്റന്‍റുകൾക്കായി അപേക്ഷിച്ചിട്ടുണ്ട്. ഇവയിൽ ചിലത് വാണിജ്യാടിസ്ഥാനത്തിലാണ് കമ്പനി ഉപയോഗിക്കുന്നത്.