റോബോട്ടുകൾക്ക് ആളെ കൊല്ലാൻ അനുവാദം നൽകാൻ ഒരുങ്ങി സാൻഫ്രാൻസിസ്കോ

സാൻഫ്രാൻസിസ്കോ: റോബോട്ടിക്സ് എഞ്ചിനീയറിംഗ് അതിവേഗം വളരുന്ന ഒരു കാലഘട്ടമാണിത്. റോബോട്ടുകളുടെ സഹായം ഇതിനകം തന്നെ പല മേഖലകളിലും തൊഴിലാളികളെ ലഘൂകരിക്കുന്നതിന് നടപ്പാക്കിയിട്ടുണ്ട്. ഈ രീതിയിൽ ഭക്ഷണം വിളമ്പുന്ന റോബോട്ടുകളെക്കുറിച്ചും സാധനങ്ങൾ അടുക്കിവെക്കുന്ന റോബോട്ടുകളെക്കുറിച്ചും മനുഷ്യരുടെ ദൈനംദിന പ്രവർത്തനങ്ങളിൽ സഹായിക്കുന്ന റോബോട്ടുകളെക്കുറിച്ചും നമുക്കെല്ലാവർക്കും അറിയാം. 

എന്നിരുന്നാലും ഇതിൽ നിന്നെല്ലാം ഒരു പടി കൂടി കടന്ന് റോബോട്ടുകൾക്ക് മനുഷ്യരെ കൊല്ലാനുള്ള അനുവാദം കൂടി നൽകാൻ ഒരുങ്ങുകയാണ്. കുറ്റവാളികളെ കൊല്ലാൻ റോബോട്ടുകളെ അനുവദിക്കുന്ന നിർണായക തീരുമാനം നടപ്പിലാക്കുന്നതിനുള്ള പ്രക്രിയ സാൻ ഫ്രാൻസിസ്കോ പൊലീസ് ആരംഭിച്ചു. 

സാൻഫ്രാൻസിസ്കോ പൊലീസ് ഡിപ്പാർട്ട്മെന്‍റ് അതീവ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്ത പ്രതികളെ ചില പ്രത്യേക സാഹചര്യങ്ങളിൽ കൊല്ലാനുള്ള അനുവാദം റോബോട്ടുകൾക്ക് നൽകാൻ ആണ് ഒരുങ്ങുന്നത്. കുറ്റവാളികളുമായുള്ള ഏറ്റുമുട്ടലിൽ പൊതുജനങ്ങൾക്കും പൊലീസിനും ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് റോബോട്ടുകളെ സേനയിൽ ഉൾപ്പെടുത്തുക. റോബോട്ടുകൾക്ക് ഈ പ്രത്യേക അധികാരം നൽകാനുള്ള പദ്ധതി നടപ്പാക്കാൻ നവംബർ 29ന് സൂക്ഷ്മപരിശോധനയും വോട്ടെടുപ്പും നടക്കും.