മികച്ച ഫോമിൽ സഞ്ജു, എന്നിട്ടും ടീമിന് പുറത്ത്; ആരാധകരോഷം

ഹാമില്‍ട്ടണ്‍: ന്യൂസീലൻഡ‍ിനെതിരായ രണ്ടാം ഏകദിനത്തിൽ മികച്ച ഫോമിൽ തുടരുന്ന സഞ്ജു സാംസൺ, ഷാർദുൽ ഠാക്കൂർ എന്നിവരെ തഴഞ്ഞതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ആരാധകരോഷം. ദീപക് ഹൂഡയും ദീപക് ചാഹറുമാണ് പകരം ടീമിൽ എത്തിയത്. ടീം കോമ്പിനേഷന്റെ പേരിൽ എളുപ്പത്തിൽ പുറത്താക്കാൻ കഴിയുന്ന ഒരു താരമാണോ സഞ്ജു സാംസൺ എന്നായിരുന്നു ആരാധകരുടെ ചോദ്യം.

ആറാമത് ഒരു ബോളറെ ആവശ്യമാണെന്നു തോന്നിയപ്പോൾ ദീപക് ഹൂഡയ്ക്ക് അവസരം നൽകിയെന്നായിരുന്നു പതിവുപോലെ ടീം മാനേജ്‌മെ‌ന്റിന്റെ വിശദീകരണം. പരിമിത ഓവറുകളിൽ തീർത്തും പരാജയമായ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിനെ ഇടംകൈ ബാറ്ററുടെ ആനുകുല്യം ലഭിക്കാൻ ടീമിൽ നിലനിർത്തുകയും ചെയ്‍തു. സഞ്ജു സാംസണിനോട് ബിസിസിഐ ചെയ്യുന്നത് ക്രൂരതയാണെന്നും പന്തിനോടുള്ള അമിത വാത്‌സല്യം സഞ്ജുവിന്റെ കരിയറിന് ഫുൾസ്‌റ്റോപ് ഇടുമെന്നും ആരാധകർ ആശങ്കപ്പെടുന്നു.

അതേസമയം വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം പല തവണ നടത്തിയിട്ടുണ്ടെങ്കിലും ടീമില്‍ സഞ്ജുവിന്റെ റോള്‍ വിക്കറ്റ് കീപ്പറുടേതല്ല. ഫിനിഷര്‍ റോളിലാണ് താരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.