സന്തോഷ് ട്രോഫി ടൂർണമെൻ്റ് വിദേശത്തേക്ക്; അടുത്ത വർഷം സൗദിയിൽ നടന്നേക്കും

രാജ്യത്തെ പ്രമുഖ ഫുട്ബോൾ ടൂർണമെന്‍റായ സന്തോഷ് ട്രോഫി ഇന്ത്യക്ക് പുറത്തേക്ക്. അടുത്ത വർഷത്തെ സന്തോഷ് ട്രോഫി മത്സരങ്ങൾ സൗദി അറേബ്യയിൽ നടന്നേക്കും. അങ്ങനെ സംഭവിച്ചാൽ ചരിത്രത്തിലാദ്യമായാകും വിദേശ മണ്ണിൽ സന്തോഷ് ട്രോഫി നടക്കുക.

സന്തോഷ് ട്രോഫിയുടെ അവസാന റൗണ്ട് മത്സരങ്ങൾ സൗദി അറേബ്യയിൽ നടത്തുന്നതിനുള്ള സാധ്യത പഠിക്കാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സൗദി ഫുട്ബോൾ അധികൃതരുമായി ധാരണാപത്രം ഒപ്പിട്ടു. കരാർ പ്രകാരം അടുത്ത ഫെബ്രുവരിയിൽ റിയാദിലും ജിദ്ദയിലുമായാണ് ടൂർണമെന്‍റ് നടക്കുക.

1941 ലാണ് സന്തോഷ് ട്രോഫി ആരംഭിച്ചത്. ആകെ 12 ടീമുകളാണ് സന്തോഷ് ട്രോഫിയുടെ അവസാന റൗണ്ടിൽ പങ്കെടുക്കുന്നത്. യോഗ്യതാ റൗണ്ടിൽ വിജയിച്ച 10 സംസ്ഥാന ടീമുകൾക്കൊപ്പം റെയിൽവേ, സർവീസസ് ടീമുകളും ഉണ്ടാകും.