ചാന്‍സലര്‍ വിഷയത്തില്‍ ഘടകക്ഷികളുടെ നിലപാട് കൂടി കണക്കിലെടുത്തുവെന്ന് സതീശന്‍
കൊച്ചി: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലെ വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി സതീശൻ. ചാൻസലർ വിഷയത്തിൽ ഘടകകക്ഷികളുടെ നിലപാടും കണക്കിലെടുത്തു. അവരുടെ മറുപടി കൂടി കണക്കിലെടുത്താണ് പരസ്യനിലപാട് സ്വീകരിച്ചതെന്നും സതീശൻ പറഞ്ഞു. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കത്തിന് സതീശൻ പിന്തുണ നൽകിയത് തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് വിമർശനമുയർന്നിരുന്നു. മുഖ്യമന്ത്രിയെയും ഗവർണറെയും ഒരുപോലെ എതിർക്കണം. സതീശന്‍റെ നിലപാടിൽ വ്യക്തതയില്ലെന്ന വിമർശനവും ഉയർന്നിരുന്നു.
അതേസമയം, സി.പി.എമ്മിന്‍റെ പ്രശംസയിൽ വീഴാതെ ഉചിതമായ മറുപടി നൽകിയ ലീഗിനെ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം അഭിനന്ദിച്ചു. ലീഗ് വർഗീയ പാർട്ടിയല്ലെന്നും യു.ഡി.എഫിനെ പല സ്ഥാനങ്ങളിൽ തിരുത്തുന്നത് മുസ്ലിം ലീഗാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അഭ്യൂഹങ്ങളോട് ലീഗ് പ്രതികരിച്ചത്. ലീഗ് യു.ഡി.എഫിൽ ഉറച്ചുനിൽക്കുമെന്ന് പാണക്കാട് സാദിഖലി തങ്ങൾ മറുപടി നൽകിയിരുന്നു.
എന്നാൽ മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയിൽ പ്രസിദ്ധീകരിച്ച ലേഖനം കോൺഗ്രസിനെ പരസ്യമായി വിമർശിച്ചത് വിവാദമുണ്ടാക്കിയിരിക്കുകയാണ്. ഇതോടെ കോണ്‍ഗ്രസിലെ ഉൾപ്പോരിൽ ലീഗിന്‍റെ അതൃപ്തി പരസ്യമായിരിക്കുകയാണ്. “നേതൃത്വം കോൺഗ്രസിനെ തള്ളിപ്പറയുന്നില്ലെങ്കിലും, പരസ്പരം കുറ്റപ്പെടുത്തുകയും വെട്ടിമുറിക്കുകയും ചെയ്തുകൊണ്ട് മുന്നോട്ട് പോയാൽ പാർട്ടി ജനങ്ങളിൽ നിന്ന് അകലം പാലിക്കുമെന്ന് ഗുജറാത്ത് വ്യക്തമാക്കിയിട്ടുണ്ട്,” ചന്ദ്രിക ലേഖനത്തിൽ പറഞ്ഞു.