ശനിയും ഞായറും അവധി; ബാങ്ക് പ്രവര്‍ത്തനസമയം കൂട്ടാമെന്ന് സംഘടനകള്‍
തൃശ്ശൂര്‍: ശനി, ഞായർ ദിവസങ്ങളിൽ ബാങ്കുകൾക്ക് അവധിയാക്കി ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസമായി മാറ്റണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനകൾ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന് കത്തയച്ചു. ജോലി സമയം വർദ്ധിപ്പിക്കാൻ കഴിയുമെങ്കിലും പണമിടപാട് സമയം മുമ്പത്തെപ്പോലെ അഞ്ചര മണിക്കൂറായി നിലനിർത്തണം. രാജ്യത്ത് നിലവിലുള്ള പ്രവർത്തന സമയം ഏകീകരിക്കുന്നതിനെ എതിർക്കുന്നുവെന്നും കത്തിൽ പറയുന്നു.
ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ്, നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് വർക്കേഴ്സ്, ഇന്ത്യൻ നാഷണൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ എന്നിവ സംയുക്തമായാണ് കത്ത് സമർപ്പിച്ചത്. നിലവിൽ ആറര മണിക്കൂറാണ് ബാങ്കുകളിലെ ജോലി സമയം. ഇത് ഏഴ് മണിക്കൂർ ആക്കാം. ഇതോടെ മാസത്തിലെ ആദ്യ ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയും ബാങ്ക് അവധിയായിരിക്കും.
രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ ഇപ്പോൾ അവധി ദിവസങ്ങളാണ്. രാജ്യത്തുടനീളം ഒരൊറ്റ പ്രവൃത്തിസമയം വേണമെന്ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാനാവില്ലെന്ന് ജീവനക്കാരുടെ സംഘടനകൾ പറഞ്ഞു.