സത്യജിത്ത് റായുടെ പഥേര്‍ പാഞ്ചാലി ഇന്ത്യന്‍ സിനിമയിലെ ഏക്കാലത്തേയും മികച്ച ചിത്രം

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രമായി സത്യജിത്ത് റായുടെ ‘പഥേർ പാഞ്ചാലി’യെ ഇന്‍റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ് (ഐഎഫ്സി) തിരഞ്ഞെടുത്തു. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച 10 ചിത്രങ്ങളുടെ പട്ടികയിൽ പഥേർ പാഞ്ചാലി ഒന്നാമതെത്തി. മലയാളത്തിൽ നിന്ന് അടൂർ ഗോപാലകൃഷ്ണന്‍റെ എലിപ്പത്തായവും പട്ടികയിൽ ഇടം നേടി. 

ഇന്‍റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സിന്‍റെ ഇന്ത്യാ ചാപ്റ്റർ നടത്തിയ വോട്ടെടുപ്പിലാണ് മികച്ച ചിത്രമായി പഥേർ പാഞ്ചാലി തിരഞ്ഞെടുക്കപ്പെട്ടത്. രഹസ്യമായാണ് വോട്ടെടുപ്പ് നടത്തിയത്. 

1955-ലാണ് പഥേർ പാഞ്ചാലി പുറത്തിറങ്ങിയത്. സത്യജിത്ത് റായുടെ ആദ്യ ചിത്രമായിരുന്നു ഇത്. 1929-ൽ ബിഭൂതിഭൂഷൺ ബന്ദോപാധ്യായ എഴുതിയ അതേ പേരിലുള്ള ബംഗാളി നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചത്. സുബിർ ബാനർജി, കനു ബാനർജി, കരുണ ബാനർജി, ഉമ ദാസ് ഗുപ്ത, പിങ്കി സെൻഗുപ്ത, ചുനിബാല ദേവി എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചത്.