സത്യേന്ദര്‍ ജെയിന്‍ 10 കോടി തട്ടിയെടുത്തു; എഎപിക്കെതിരെ ഗുരുതര ആരോപണവുമായി സുകേഷ്
ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പുകേസിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖർ, ഡൽഹിയിലെ ആം ആദ്മി (എഎപി) സർക്കാരിനെതിരെ ആരോപണവുമായി രംഗത്ത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന എഎപി മന്ത്രി സത്യേന്ദർ ജെയിൻ 10 കോടി രൂപ ഭീഷണിപ്പെടുത്തി വാങ്ങിയെന്ന് സുകേഷ് ആരോപിച്ചു. ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേനയ്ക്ക് ഇത് ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് സുകേഷ് പരാതി കത്ത് അയച്ചു. പരാതിയുടെ പകർപ്പ് മാധ്യമങ്ങളിലൂടെ പുറത്തുവന്നു.
നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായ സുകേഷ് 2017 മുതൽ ഡൽഹിയിലെ തിഹാർ ജയിലിലാണ്. ജയിലിനുള്ളിൽ സുരക്ഷ ഉറപ്പാക്കാനെന്ന പേരിൽ 10 കോടി രൂപ തട്ടിയെടുത്തെന്നാണ് സത്യേന്ദർ ജെയിനിനെതിരെയുള്ള ആരോപണം. എ.ഐ.ഡി.എം.കെ. ശശികല വിഭാഗവുമായി ചേർന്ന് പ്രവര്‍ത്തിച്ചിരുന്ന കാര്യവും സുകേഷ് കത്തിൽ പറയുന്നു.
സത്യേന്ദർ ജെയിനിനെ 2015 മുതൽ അറിയാം. പാർട്ടിയുടെ സൗത്ത് സോണില്‍ നിർണായക സ്ഥാനം നൽകാമെന്ന വാഗ്ദാനത്തിൽ 50 കോടിയിലധികം രൂപയാണ് എഎപിക്ക് നൽകിയത്. തന്നെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തതായും സുകേഷ് പരാതിയിൽ പറയുന്നു.