സൗദി അറേബ്യയില്‍ കൺസൾട്ടിംഗ് മേഖലയിലും സ്വദേശിവത്കരണം പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയിലെ കൺസൾട്ടിംഗ് മേഖലയിലെ തൊഴിലുകളും സ്വദേശിവത്കരിക്കുന്നു. രാജ്യത്തെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹ്‍മദ്​ അൽറാജിഹിയാണ് ഇക്കാര്യം അറിയിച്ചത്. സൗദി ധനകാര്യ മന്ത്രാലയം, പ്രാദേശിക കണ്ടന്‍റ് അതോറിറ്റി, സ്‌പെൻഡിങ് എഫിഷ്യൻസി അതോറിറ്റി, ഹദഫ് ഫണ്ട് എന്നിവയുമായി സഹകരിച്ചാണ് കൺസൾട്ടിംഗ് മേഖലയും ആ മേഖലയിലെ തൊഴിലവസരങ്ങളും സ്വദേശിവത്കരിക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. തദ്ദേശീയരായ പുരുഷൻമാർക്കും സ്ത്രീകൾക്കും മെച്ചപ്പെട്ട തൊഴിലവസരങ്ങൾ നൽകുക, തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തവും നിലവാരവും ഉയർത്തുക, സാമ്പത്തിക വ്യവസ്ഥിതിയിൽ അവരുടെ സംഭാവന വർധിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

സൗദി അറേബ്യയിൽ വിനോദ കേന്ദ്രങ്ങളിൽ സ്വദേശിവൽക്കരണം കർശനമായി നടപ്പാക്കി. സൗദി പൗരൻമാർക്ക് മാത്രമായി പരിമിതപ്പെടുത്തിയ തൊഴിലുകളിൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരെ നിയമിക്കുന്നതിനെതിരെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകി.

സൗദി അറേബ്യയിൽ വിനോദ കേന്ദ്രങ്ങളിലെ 70 ശതമാനം ജോലികളും സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മാളുകൾക്കുള്ളിലെ വിനോദ കേന്ദ്രങ്ങളിലെ 100 ശതമാനം ജോലികളും സ്വദേശികൾക്കായി നീക്കിവച്ചിട്ടുണ്ട്.