സവർക്കർ ഫ്ലക്സ് വിവാദം; സുരേഷിനെതിരെ നടപടി ഉണ്ടാകില്ലെന്ന് സുധാകരന്‍

തിരുവനന്തപുരം: സവർക്കറുടെ ചിത്രം ജോഡോ യാത്രയുടെ പ്രചാരണ ബോർഡിൽ വച്ചതിന് വിമർശിക്കപ്പെട്ട സുരേഷിനെതിരെ നടപടി ഉണ്ടാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. അറിയാതെ സംഭവിച്ചതാണെങ്കിലും തെറ്റ് ഏറ്റുപറഞ്ഞ് മാപ്പ് പറഞ്ഞ സുരേഷിനെ കാണാതിരിക്കാൻ കോൺഗ്രസിന് കഴിയില്ല. സുരേഷിനെതിരെ നടപടിയെടുക്കരുതെന്ന് നിരവധി പ്രവര്‍ത്തകര്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കെ സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

അറിയാതെ സംഭവിച്ചതാണെങ്കിലും തെറ്റ് ഏറ്റുപറഞ്ഞ് മാപ്പ് പറഞ്ഞ സുരേഷിനെ കാണാതിരിക്കാൻ കോൺഗ്രസിന് കഴിയില്ല. സുരേഷിന്‍റെ ചാനലിലെ അഭിമുഖം അൽപം വൈകിയാണ് കണ്ടത്. എന്നാൽ മുൻപേ കണ്ട പല പ്രവർത്തകരും എന്നെ ഫോണിലൂടെയും അല്ലാതെയും ബന്ധപ്പെട്ടിരുന്നു. സുരേഷുമായി മുൻ പരിചയമില്ലാത്തവർ പോലും ‘അദ്ദേഹത്തിനെതിരെ നടപടി എടുക്കരുതെന്ന’ അഭ്യർത്ഥനയുമായി സമീപിച്ചു. വാസ്തവത്തിൽ, ഞാൻ വളരെ സന്തുഷ്ടനായിരുന്നു. ഈ വലിയ കോൺഗ്രസ് കുടുംബത്തിലെ ഒരംഗത്തിന്‍റെ ദുഃഖത്തെ സ്വന്തം പ്രശ്നമായി കണക്കാക്കി ഇടപെടുന്നവർ ഈ പാർട്ടിയുടെ പുണ്യമാണ്. പ്രവർത്തകർ പറയുന്നത് കേൾക്കാതിരിക്കാനും അവരുടെ വികാരം കണ്ടില്ലെന്ന് നടിക്കാനും പാർട്ടിക്ക് കഴിയില്ല. സുരേഷിനെതിരെ ഒരു നടപടിയും ഉണ്ടാകില്ലെന്ന് പാർട്ടി പ്രസിഡന്‍റ് എന്ന നിലയിൽ ഞാൻ ഉറപ്പ് നൽകുന്നു.