സ്കൂളുകളും പിടിഎയും യൂണിഫോം തീരുമാനിക്കും: മുഖ്യമന്ത്രി
വടകര: സ്കൂളുകളിലെ യൂണിഫോം അതാത് സ്കൂളുകളും പി.ടി.എ.യും തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂളുകളിൽ ആൺകുട്ടികളേയും പെൺകുട്ടികളേയും ഇടകലർത്തി ഇരുത്താൻ പോകുന്നുവെന്ന പ്രചരണം, തെറ്റായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്ന മനസ്സുകളുടെ സൃഷ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലിംഗസമത്വത്തെക്കുറിച്ചുള്ള ധാരണ കുട്ടികളിൽ അരാജകത്വം സൃഷ്ടിക്കുമെന്ന പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. നമ്മുടെ സമൂഹത്തിൽ ചില നുണപ്രചാരണങ്ങൾ അഴിച്ചുവിടുകയാണ്. സർക്കാർ ഉദ്ദേശിക്കാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും സംസ്ഥാനത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.