4 ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി
ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് തൃശൂർ ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആലപ്പുഴ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ നാളെ അവധി പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ രേണു രാജും അറിയിച്ചു.
ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട് താലൂക്കുകളിലെയും ഉടുമ്പൻചോല താലൂക്കിലെ ബൈസൺവാലി, ചിന്നക്കനാൽ പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും തിങ്കളാഴ്ച ജില്ലാകലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമില്ല
അതേസമയം, നീരൊഴുക്ക് ശക്തമായി തുടരുന്നതിനാൽ ഇടുക്കി ഡാമിന്‍റെ കൂടുതൽ ഷട്ടറുകൾ തുറന്നു. 2, 4 ഷട്ടറുകൾ 40 സെന്‍റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. 100 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുകും. ഈ സാഹചര്യത്തിൽ ചെറുതോണി ടൗണിൽ നിന്ന് പെരിയാറിന്‍റെ ഇരുകരകളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.