രാജ്യത്തെ സ്കൂളുകൾ ആധുനിക രീതിയിൽ നവീകരിക്കും; പ്രധാനമന്ത്രി

ഡൽഹി: പ്രധാനമന്ത്രി ശ്രീ യോജന പദ്ധതിക്ക് കീഴിൽ രാജ്യത്തെ 14500 സ്കൂളുകൾ നവീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ഈ സ്കൂളുകളെ മാതൃകാ സ്കൂളുകളാക്കി മാറ്റും. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

പ്രധാനമന്ത്രിയുടെ ട്വീറ്റ് –
“ഇന്ന്, അധ്യാപക ദിനത്തിൽ ഒരു പുതിയ സംരംഭം പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. പ്രധാനമന്ത്രി സ്‌കൂൾ ഫോർ റൈസിംഗ് ഇന്ത്യ (PM-SHRI) യോജനയ്ക്ക് കീഴിൽ ഇന്ത്യയിലുടനീളമുള്ള 14,500 സ്‌കൂളുകളുടെ വികസനവും നവീകരണവും സാധ്യമാക്കും”

“ഈ സ്കൂളുകളിൽ ആധുനികവും സമഗ്രവുമായ വിദ്യാഭ്യാസ സമ്പ്രദായം ആവിഷ്കരിക്കും. പഠനാധിഷ്ഠിത അധ്യാപന രീതിക്ക് ഊന്നൽ നൽകും. അത്യാധുനിക സാങ്കേതികവിദ്യ, സ്മാർട്ട് ക്ലാസ് മുറികൾ, സ്പോർട്സ് ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ ലഭ്യമാക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ മേഖല അടുത്തകാലത്തായി മികവ് പുലർത്തിയിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ഇതിന്‍റെ കൂടുതൽ പ്രയോജനം ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.” – പ്രധാനമന്ത്രി കുറിച്ചു.