ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ സ്‌കൂളുകള്‍ ഗതാഗതവകുപ്പിന് കൈമാറണം: ഗതാഗത മന്ത്രി

തിരുവനന്തപുരം: വടക്കഞ്ചേരി കെ.എസ്.ആര്‍.ടി.സി-ടൂറിസ്റ്റ് ബസ് അപകടവിവരം അറിഞ്ഞ ഉടന്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്ത് ഐ.പി.എസിനെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്ന് ഗതാഗതമന്ത്രി ആന്റണി രാജു

ഇനി മുതൽ ടൂറിസ്റ്റ് ബസുകൾ വാടകയ്ക്കെടുക്കുമ്പോൾ സ്കൂളുകൾ പാലിക്കേണ്ട ചില മാർഗനിർദ്ദേശങ്ങളും മന്ത്രി മുന്നോട്ടുവച്ചു. ടൂറിസ്റ്റ് ബസുകൾ വാടകയ്ക്കെടുക്കുന്ന സ്കൂൾ അധികൃതർ സാധാരണയായി ബസ് ഡ്രൈവർമാരുടെ പശ്ചാത്തലം മനസ്സിലാക്കാറില്ല. ഇത്തരം ബസുകൾ വാടകയ്ക്ക് എടുക്കുമ്പോൾ ബസിന്‍റെ വിശദാംശങ്ങൾ മോട്ടോർ വാഹന വകുപ്പിന് നൽകിയാൽ ഡ്രൈവർമാരുടെ പശ്ചാത്തലവും അനുഭവപരിചയവും മനസിലാക്കി അവർക്ക് കൈമാറാൻ മോട്ടോർ വാഹന വകുപ്പിന് കഴിയുമെന്നും മന്ത്രി പറഞ്ഞു. ഈ അപകടം ഒരു പാഠമാണെന്നും ആന്‍റണി രാജു കൂട്ടിച്ചേർത്തു.

ഇനി മുതൽ ടൂറിനായി ബുക്ക് ചെയ്യുന്ന ടൂറിസ്റ്റ് ബസുകളുടെ വിശദാംശങ്ങൾ മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ മുൻകൂട്ടി അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. ഇത്തരം വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാരുടെ വിശദാംശങ്ങൾ മോട്ടോർ വാഹന വകുപ്പ് ശേഖരിച്ച ശേഷം മാത്രമേ വാഹനങ്ങൾക്ക് അന്തിമ അനുമതി നൽകാവൂ എന്നാണ് ഇപ്പോൾ പരിഗണിക്കുന്ന നിർദേശം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വരും ദിവസങ്ങളിൽ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.