ശാസ്ത്ര വിഷയങ്ങൾ സ്ത്രീകൾക്ക് അനുയോജ്യമല്ല; വിദ്യാഭ്യാസ വിലക്കിനെ ന്യായീകരിച്ച് താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസ വിലക്ക് ഏർപ്പെടുത്തിയ നീക്കം വ്യാപകമായി വിമർശിക്കപ്പെടുമ്പോൾ താലിബാൻ ഭരണകൂടം നീക്കത്തെ ന്യായീകരിച്ച് രംഗത്തെത്തി. വസ്ത്രധാരണത്തിൽ ഉൾപ്പെടെ താലിബാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കാത്തതിനാലാണ് വിദ്യാഭ്യാസ നിരോധനം ഏർപ്പെടുത്തിയതെന്ന് താലിബാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി നിദ മുഹമ്മദ് നദീം പറഞ്ഞു. വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നതുപോലെയാണ് പെൺകുട്ടികൾ വസ്ത്രം ധരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

“താലിബാൻ അധികാരത്തിൽ വന്നിട്ട് 14 മാസമായി. നിർഭാഗ്യവശാൽ, പെൺകുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രാലയം നൽകിയ കർശന നിർദ്ദേശങ്ങൾ ആരും പാലിക്കുന്നില്ല. പെൺകുട്ടികളുടെ വസ്ത്രധാരണം വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിന് സമാനമാണ്. പഠനത്തിനായി സർവകലാശാലകളിൽ എത്തുന്ന പെൺകുട്ടികൾ ഹിജാബുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കുന്നില്ല”, മന്ത്രി പറഞ്ഞു.

ശാസ്ത്ര വിഷയങ്ങൾ സ്ത്രീകൾക്ക് അനുയോജ്യമല്ലെന്നും മന്ത്രി വിശദീകരിച്ചു. “എഞ്ചിനീയറിംഗ്, കൃഷി തുടങ്ങിയ ചില വിഷയങ്ങൾ വിദ്യാർത്ഥികളുടെ അന്തസ്സിനും അഫ്ഗാൻ സംസ്കാരത്തിനും അനുസൃതമല്ല,” അദ്ദേഹം പറഞ്ഞു.