തിരക്കഥാകൃത്ത് ഷാഹി കബീർ സംവിധായകനാകുന്നു; ചിത്രം ‘ഇലവീഴാപൂഞ്ചിറ’

തിരക്കഥാകൃത്ത് ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഇലവീഴാപൂഞ്ചിറ’യുടെ ചിത്രീകരണം ആരംഭിച്ചു. ജോസഫ്, നായാട്ട്, റൈറ്റർ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ഷാഹി കബീർ. സൗബിൻ ഷാഹിർ, സുധി കോപ്പ, ജൂഡ് ആന്റണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡോൾബി വിഷൻ 4കെ എച്ച്ഡിആറിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമെന്ന വിശേഷണവും ചിത്രത്തിനുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 3,000 അടിയിലധികം ഉയരത്തിലാണ് ഒറ്റപ്പെട്ട പ്രദേശമായ ‘ഇലവിഴാപൂഞ്ചിറ’ സ്ഥിതി ചെയ്യുന്നത്. പ്രദേശത്തെ പോലീസ് വയർലെസ് സ്റ്റേഷനു മുന്നിൽ സൗബിൻ നിൽക്കുന്നതിന്റെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

നിധീഷ് ജി, ഷാജി മാറാട് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദൃശ്യങ്ങൾക്കും ശബ്ദങ്ങൾക്കും ഒരേ പ്രാധാന്യം നൽകിയായിരിക്കും ‘ഇലവീഴാപൂഞ്ചിറ’ തയ്യാറാക്കുന്നത്. അജയൻ അടാട്ടാണ് സൗണ്ട് ഡിസൈൻ. ‘ജോസഫ്’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ച മനേഷ് മാധവൻ ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നു. എഡിറ്റിംഗ് കിരൺ ദാസ്. അനിൽ ജോൺസനാണ് ചിത്രത്തിനു സംഗീതം നൽകിയിരിക്കുന്നത്.