എസ്ഡിപിഐയുടെ ഷാന്‍ അനുസ്മരണം; ആലപ്പുഴയിൽ 500ഓളം പേർക്കെതിരെ കേസ്
മണ്ണഞ്ചേരി(ആലപ്പുഴ): സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിന്‍റെ കൊലപാതകത്തിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് എസ്.ഡി.പി.ഐ നടത്തിയ അനുസ്മരണ യോഗത്തിൽ പങ്കെടുത്ത ദേശീയ ഭാരവാഹികൾ ഉൾപ്പെടെ അഞ്ഞൂറോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. അനധികൃതമായി സംഘം ചേര്‍ന്നതിനും പഞ്ചായത്ത് പരിസരത്ത് അതിക്രമിച്ചു കയറിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ദേശീയ പ്രസിഡന്‍റ് എം.കെ.ഫൈസി, സംസ്ഥാന പ്രസിഡന്‍റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി, ദേശീയ സെക്രട്ടറി ഫൈസൽ ഇസുദ്ദീൻ, ദേശീയ കമ്മിറ്റി അംഗം പി.പി.മൊയ്തീൻ കുഞ്ഞ്, സംസ്ഥാന വൈസ് പ്രസിഡന്‍റ് തുളസീധരൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ റോയി അറയ്ക്കൽ, അജ്മൽ ഇസ്മായിൽ, ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് റിയാസ് പൊന്നാട്, ജില്ലാ ജനറൽ സെക്രട്ടറി എം. സാലിം, നവാസ് നൈന എന്നിവർ ഉൾപ്പെടെ അഞ്ഞൂറോളം പേരെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
സമ്മേളനത്തിന് ഉപയോഗിച്ച ഉച്ചഭാഷിണികളും കസ്റ്റഡിയിലെടുത്തു. മണ്ണഞ്ചേരി പഞ്ചായത്തിലെ സ്വകാര്യ ബസ് സ്റ്റാൻഡിലാണ് ഞായറാഴ്ച വൈകീട്ട് സമ്മേളനം നടന്നത്. എന്നാൽ പഞ്ചായത്തിന്‍റെ അനുമതി തേടിയിരുന്നില്ലെന്ന് മണ്ണഞ്ചേരി ഇൻസ്പെക്ടർ പി.കെ. മോഹിതും എസ്.ഐ. കെ.ആര്‍. ബിജുവും പറഞ്ഞു.