എയ്ഡഡ് മെഡിക്കൽ കോളേജിലെ സീറ്റ് തർക്കം; എൻഎസ്എസ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: എയ്ഡഡ് ഹോമിയോ മെഡിക്കൽ കോളേജുകളിലെ മാനേജ്മെന്‍റ് ക്വാട്ട പ്രവേശനത്തിൽ സമ്പൂർണ്ണ അധികാരത്തിനായി എൻ.എസ്.എസ്. നൽകിയ ഹർജി സുപ്രീം കോടതി തള്ളി. എയ്ഡഡ് ഹോമിയോപ്പതി മെഡിക്കൽ കോളേജിലെ 15 ശതമാനം മാനേജ്മെന്‍റ് ക്വാട്ട സീറ്റിലേക്കുള്ള പ്രവേശനത്തിൽ സർക്കാർ ഇടപെടലിന് വഴിയൊരുക്കുന്ന നിയമഭേദഗതിക്കെതിരെയാണ് എൻഎസ്എസ് ഹർജി ഫയൽ ചെയ്തത്. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.

2017ൽ പാസാക്കിയ കേരള മെഡിക്കൽ വിദ്യാഭ്യാസ നിയമഭേദഗതിയെ ചോദ്യം ചെയ്താണ് എൻഎസ്എസ് സുപ്രീം കോടതിയെ സമീപിച്ചത്. മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ എയ്ഡഡ് കോളേജുകളെയും അൺ എയ്ഡഡ് കോളേജുകളെയും തുല്യമായി പരിഗണിക്കാനാവില്ലെന്നായിരുന്നു എൻ.എസ്.എസിന്‍റെ വാദം. എന്നാൽ ഈ വാദം അംഗീകരിക്കാൻ സുപ്രീം കോടതി തയ്യാറായില്ല.

എൻ.എസ്.എസ് ജനറൽ സെക്രട്ടറിയും സചിവോത്തപുരം ഹോമിയോ കോളേജ് ചെയർമാനുമായ ജി.ഡോ.സുകുമാരൻ നായർ, കോളേജ് പ്രിൻസിപ്പൽ ഡോ. ബിന്ദു കുമാരി എന്നിവരാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. കേരള മെഡിക്കൽ വിദ്യാഭ്യാസ (ഭേദഗതി) നിയമത്തിലെ സെക്ഷൻ 2 (പി) ചോദ്യം ചെയ്താണ് എൻഎസ്എസ് സുപ്രീം കോടതിയെ സമീപിച്ചത്.