വോഡഫോൺ-ഐഡിയ ബാധ്യത ഓഹരിയാക്കി മാറ്റാൻ സെബിയുടെ അനുമതി

ന്യൂഡൽഹി: വോഡഫോൺ-ഐഡിയയുടെ 1.92 ബില്യൺ ഡോളർ ബാധ്യത ഓഹരികളാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ ശുപാർശ സെബി അംഗീകരിച്ചു. കടക്കെണിയിലായ ടെലികോം കമ്പനികളുടെ സർക്കാരിന് നൽകാനുള്ള ബാധ്യത ഓഹരികളാക്കി മാറ്റാനുള്ള പദ്ധതി കഴിഞ്ഞ വർഷം സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനാണ് ഇപ്പോൾ അംഗീകാരം നൽകിയത്.

പുതിയ പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ വോഡഫോണിൽ സർക്കാരിന് 30 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും. ആദിത്യ ബിർള, വോഡഫോൺ ഗ്രൂപ്പ് എന്നിവയ്ക്കൊപ്പം കമ്പനിയിലെ ഏറ്റവും വലിയ ഓഹരി ഉടമകളിൽ ഒരാളായി കേന്ദ്ര സർക്കാർ മാറും.

വോഡഫോണോ ഐഡിയയോ ഈ റിപ്പോർട്ടുകളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. കൈമാറ്റം പൂർത്തിയായാൽ കേന്ദ്രസർക്കാർ ഓഹരികൾ വിൽക്കാനും സാധ്യതയുണ്ട്.