മുഖ്യമന്ത്രിയുടെയും കെപിസിസി പ്രസിഡന്റിന്റെയും വീടുകൾക്ക് സുരക്ഷ വർധിപ്പിച്ചു

എകെജി സെൻററിന് നേരെയുണ്ടായ ആക്രമണത്തിൻറെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും കെപിസിസി പ്രസിഡൻറ് കെ സുധാകരന്റെയും വീടുകൾക്ക് പോലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് തൃശൂരിലെയും കോട്ടയത്തെയും കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായി. എ.കെ.ജി സെൻററിന് നേരെ ബോംബെറിഞ്ഞ പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സിപിഐ(എം) കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലും കണ്ണൂർ ഡിസിസി ഓഫീസിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി കേരളത്തിലെത്തി. ഇതിൻറെ ഭാഗമായി വയനാട് ജില്ലയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജില്ലയിൽ 1500 പോലീസുകാരെ വിൻയസിച്ചിട്ടുണ്ട്. ഡിഐജി രാഹുൽ ആർ. നായരുടെ നേതൃത്വത്തിലാണ് രാഹുൽ ​ഗാന്ധിയുടെ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.

രാഹുൽ ഗാന്ധി കേരളം സന്ദർശിക്കുന്ന ദിവസത്തിൻറെ പ്രാധാന്യം കുറയ്ക്കാനാണ് എകെജി സെൻററിന് നേരെ ബോംബെറിഞ്ഞതെന്നും എൽഡിഎഫ് കൺവീനർ ഇപി ജയരാജനാണ് ഇതിന് പിന്നിലെന്നും കെപിസിസി പ്രസിഡൻറ് കെ സുധാകരൻ ആരോപിച്ചു. “ആക്രമണത്തിന് നേരിട്ട് സാക്ഷിയായെന്ന മട്ടിൽ കോൺഗ്രസുകാരാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നിലെ തിരക്കഥ ഇ പി ജയരാജൻറെ മാത്രം തിരക്കഥയാണ്. ഇതിന് പിന്നിൽ സി.പി.എം ആണെന്ന് പോലും ഞാൻ പറയുന്നില്ല.” ഇ.പി മാത്രമാണ് ഇതിന് പിന്നിലെന്നും സുധാകരൻ പറഞ്ഞു.