ജമ്മു കശ്മീരിൽ രണ്ടിടങ്ങളിൽ സുരക്ഷാസേനയും ഭീകരരും ഏറ്റുമുട്ടുന്നു

ന്യൂഡല്‍ഹി: ജമ്മുകശ്മീരിൽ രണ്ടിടങ്ങളിൽ ഭീകരരും സുരക്ഷാ സേനയും ഏറ്റുമുട്ടുന്നു. ബാരാമുള്ളയിലും ഷോപ്പിയാനിലും ആണ് ഏറ്റുമുട്ടൽ. ജമ്മു കശ്മീരിലെ ഉധംപൂരിൽ കഴിഞ്ഞ ദിവസം നടന്ന ഇരട്ട സ്ഫോടനങ്ങളെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം നടത്തുകയാണ്. രണ്ട് സമയത്ത് രണ്ട് ബസുകളിലായി നടന്ന സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. പരിക്ക് ഗുരുതരമല്ലെങ്കിലും സ്ഫോടനത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്.

ഇന്നലെ രാവിലെ ഉധംപൂരിലെ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിലാണ് സ്ഫോടനം നടന്നത്. എട്ട് മണിക്കൂറിനിടെ നടന്ന രണ്ടാമത്തെ സ്ഫോടനമായിരുന്നു ഇത്. ബുധനാഴ്ച രാത്രി 10.45 ന് ഉധംപൂരിലെ ദൊമെയിൽ ചൗക്കിലും ബസിൽ സ്ഫോടനം നടന്നിരുന്നു.

ഉധംപൂരിലെ രണ്ടാമത്തെ സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു. ഉധംപൂരിലെ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന ബസിലുണ്ടായ ആദ്യ സ്ഫോടനത്തിൽ പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ഉധംപൂരിലെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഫോടനം നടന്ന സ്ഥലത്തും പരിസരത്തും പരിശോധന നടത്തി. ഇരട്ട സ്ഫോടനത്തെ തുടർന്ന് ഉധംപൂരിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.