തിരഞ്ഞെടുത്ത് ചൂടാറുംമുന്നേ ആപ്പിലേക്ക് ചേക്കേറി; മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസിലേക്ക് മടക്കം

ന്യൂഡല്‍ഹി: മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഫലത്തിന്റെ മുന്നോടിയായി ആം ആദ്മി പാർട്ടിയിലേക്ക് മാറിയ കോൺഗ്രസ് കൗൺസിലറും സംസ്ഥാന വൈസ് പ്രസിഡന്‍റും മണിക്കൂറുകൾക്കുള്ളിൽ പാർട്ടിയിൽ തിരിച്ചെത്തി. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് അലി മെഹ്ദി, മുസ്തഫാബാദിൽ നിന്ന് വിജയിച്ച സബീല ബീഗം, ബ്രിജ്പുരിയിൽ നിന്ന് വിജയിച്ച നാസി ഖാതൂൺ എന്നിവർ വെള്ളിയാഴ്ച ആപ്പിൽ ചേർന്നിരുന്നു. സബീല ബീഗവും അലി മെഹ്ദിയുമാണ് ‘ഘർ വാപസി’ നടത്തിയത്. നാസി ഖാതൂൺ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

മെഹ്ദിയുടെയും കൗൺസിലർമാരുടെയും കൂറുമാറ്റത്തിനെതിരെ മുസ്തഫബാദ് നിവാസികൾ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയിലേക്കുള്ള തിരിച്ചുവരവ്.

ന്യൂഡൽഹിയിൽ നടത്തിയ പ്രത്യേക വാർത്താസമ്മേളനത്തിൽ എഎപി മൂന്ന് പേർക്കും അംഗത്വം നൽകിയതിന് പിന്നാലെ രണ്ട് നേതാക്കൾ ഇന്ന് രാവിലെ കോണ്‍ഗ്രസിലേക്ക് മടങ്ങുകയാണെന്ന് അറിയിച്ചു. സബീല ബീഗത്തിന്‍റെ ഭർത്താവ് ഹാജി കുഷ്നൂബ് ഖാൻ കോണ്‍ഗ്രസ് എംപി ഇമ്രാൻ പ്രതാപ്ഗാർഹിയുമായി കൂടിക്കാഴ്ച നടത്തുകയും കോണ്‍ഗ്രസിലേക്ക് മടങ്ങിവരുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.