സെമേറു അഗ്നിപര്‍വ്വതം സജീവമായി; കിഴക്കന്‍ ജാവയില്‍ നിന്ന് 2,000ത്തോളം പേരെ മാറ്റി
ജാവ: ഇന്തോനേഷ്യയിലെ സെമേറു അഗ്നിപർവ്വതം സജീവമായതിനെ തുടർന്ന് കിഴക്കൻ ജാവയിൽ നിന്ന് 2,000 ലധികം ആളുകളെ ഒഴിപ്പിച്ചു. അഗ്നിപർവ്വതം പുറന്തള്ളുന്ന പുകയിൽ നിന്ന് സംരക്ഷണത്തിനായി 20,000 മാസ്കുകൾ വിതരണം ചെയ്തതായും കുടിയൊഴിപ്പിക്കപ്പെട്ടവരെ സ്കൂളുകളിലും വില്ലേജ് ഹാളുകളിലും മറ്റും പാർപ്പിച്ചിട്ടുണ്ടെന്നും ഇന്തോനേഷ്യയിലെ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.
തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് 640 കിലോമീറ്റർ (400 മൈൽ) തെക്കുകിഴക്കായാണ് സെമേറു അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്. ഇന്നലെ ഉച്ചയ്ക്ക് 2.46 ഓടെയാണ് അഗ്നിപർവ്വതം സജീവമായത്. ആകാശം ചാരം കൊണ്ട് മൂടിയ അഗ്നിപർവ്വതത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും ഇന്തോനേഷ്യയിലെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇന്തോനേഷ്യയിലെ അഗ്നിപർവ്വത പ്രവർത്തനങ്ങളുടെ ജാഗ്രതാ നില ലെവൽ 4 ആയി ഉയർത്തിയതായി ഇന്തോനേഷ്യയിലെ സെന്‍റർ ഫോർ വോൾക്കനോളജി ആൻഡ് ജിയോളജിക്കൽ ഹസാർഡ് മിറ്റിഗേഷൻ അറിയിച്ചു. അഗ്നിപർവ്വതത്തിൽ നിന്ന് 17 കിലോമീറ്റർ മാറി താമസിക്കാൻ പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അഗ്നിപർവ്വതത്തിൽ നിന്നുള്ള ചാരം ഇതിനകം 12 കിലോമീറ്റർ ദൂരത്തേക്ക് വ്യാപിച്ചു കഴിഞ്ഞു. സ്ഫോടനത്തിൽ നിന്നുള്ള പ്ലം വായുവിൽ 15 കിലോമീറ്റർ വരെ എത്തിയിട്ടുണ്ടെന്ന് ജപ്പാനിലെ കാലാവസ്ഥാ ഏജൻസി അറിയിച്ചു. എന്നാൽ സ്ഫോടനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അറിയിപ്പിൽ പറയുന്നു.