എല്ലാവരെയും വിദേശത്തേയ്ക്ക് പറഞ്ഞുവിടുകയെന്നത് സര്‍ക്കാര്‍ നയമല്ല: പിണറായി വിജയൻ
ലണ്ടന്‍: എല്ലാവരെയും വിദേശത്തേക്ക് പറഞ്ഞുവിടുക എന്നത് സർക്കാരിന്റെ നയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരള സഭയുടെ യൂറോപ്പ്-യുകെ മേഖലാ സമ്മേളനം ലണ്ടനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജോലിക്കായി വിദേശത്തേക്ക് പോകുന്നവരുടെ തൊഴിൽ സുരക്ഷയ്ക്കും ക്ഷേമത്തിനും സമഗ്രമായ കുടിയേറ്റ നിയമം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരെയും വിദേശത്തേക്ക് അയയ്ക്കുകയല്ല സർക്കാരിന്റെ നയം. സംസ്ഥാനത്ത് തന്നെ വികസനം നടത്തി നവകേരളം സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശാക്തീകരിക്കുകയും കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം.
“കേരളത്തിന്‍റെ വ്യാവസായിക മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പ്രവാസികളുടെ ആശയങ്ങളും പിന്തുണയും ലഭ്യമാക്കണം. വ്യത്യസ്ത മേഖലകളിലുള്ള പ്രവാസികളുടെ പ്രത്യേക പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും പ്രവാസി സഹകരണവും ഇടപെടലുകളും വര്‍ധിപ്പിക്കുന്നതിനുമായാണ് മേഖലാ സമ്മേളനങ്ങള്‍ ചേരുന്നത്. പ്രവാസികളുടെ പൊതുവായ പ്രശ്നങ്ങള്‍ക്ക് പുറമേ വ്യത്യസ്ത ഭൂവിഭാഗങ്ങളിലുള്ളവരുടെ പ്രശ്‌നങ്ങള്‍കൂടി അറിയണം എന്നതാണ് ലക്ഷ്യം. ഇത്തരത്തിലുള്ള രണ്ടാമത്തെ സമ്മേളനമാണ് ലണ്ടനില്‍ നടന്നത്. ആദ്യ മേഖലാ സമ്മേളനം 2019-ല്‍ യുഎഇയില്‍ നടന്നിരുന്നു.” – മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.