ഗെഹ്ലോട്ട് പക്ഷത്തിന് തിരിച്ചടി; മൂന്ന് വിശ്വസ്തര്‍ക്ക് നോട്ടീസ് നൽകി

ന്യൂ ഡൽഹി: കോൺഗ്രസ് അധ്യക്ഷ ചർച്ചകൾ വഴിമുട്ടിയതിന് പുറകെ അശോക് ഗെഹ്ലോട്ട് പക്ഷത്തിന് വീണ്ടും തിരിച്ചടി. ഹൈക്കമാൻഡ് നിരീക്ഷകരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഗെഹ്ലോട്ടിന്‍റെ വിശ്വസ്തരായ മൂന്ന് പേർക്ക് എഐസിസി കാരണം കാണിക്കൽ നോട്ടീസ് നൽകി. മന്ത്രി ശാന്തി ധരിവാൾ, ചീഫ് വിപ്പ് മഹേഷ് ജോഷി, ധർമേന്ദ്ര റാത്തോഡ് എംഎൽഎ എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. 10 ദിവസത്തിനകം മറുപടി നൽകാനാണ് നിർദേശം. അച്ചടക്ക നടപടിയെടുത്താല്‍ തിരിച്ചടിയാകുമെന്ന് കണ്ട് അശോക് ഗെഹ്ലോട്ടിന് എഐസിസി നിരീക്ഷകർ ക്ലീൻ ചിറ്റ് നൽകി. അതേസമയം, ഹൈക്കമാൻഡിനെ നേരിട്ട് കാര്യങ്ങൾ അറിയിക്കാൻ ഡൽഹിയിലെത്തിയ സച്ചിൻ പൈലറ്റ് നാളെ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.

അതേസമയം എ കെ ആന്‍റണിയെ ഡൽഹിയിലേക്ക് വിളിപ്പിച്ച ഹൈക്കമാൻഡിന്‍റെ നിർണായക നീക്കവും ദേശീയ തലത്തിൽ ചർച്ചയായിട്ടുണ്ട്. അശോക് ഗെഹ്ലോട്ടിന് പകരം പുതിയ പേരുകൾ സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചതിന് പിന്നാലെയാണ് സോണിയ ഗാന്ധി ആന്‍റണിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്. പാർട്ടി അധ്യക്ഷനാകില്ലെന്ന് ഡൽഹിയിലേക്ക് പോകുന്നതിന് മുമ്പ് ആന്‍റണി പറഞ്ഞിരുന്നു. 

നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ, രാജസ്ഥാൻ പ്രതിസന്ധിയിൽ ഔദ്യോഗിക സ്ഥാനാർത്ഥിയുടെ ചിത്രം ഇതുവരെ കണ്ടെത്താനായിട്ടില്ല. മത്സരിക്കാനില്ലെന്ന് കമല്‍നാഥും, രണ്ട് സെറ്റ് പത്രിക വാങ്ങിയ പവന്‍ ബന്‍സലും തുറന്നു പറഞ്ഞു. മാധ്യമങ്ങളെ കണ്ട അംബികാ സോണിയും മത്സരിക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞു. മുകുൾ വാസ്നിക്, ദിഗ് വിജയ് സിംഗ്, മല്ലികാർജുൻ ഖാർഗെ എന്നിവരുടെ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് ചർച്ചയിലുള്ളത്.