കേരളത്തിന് തിരിച്ചടി; പേപ്പട്ടികളെ കൊല്ലാന്‍ അടിയന്തര അനുമതി നിഷേധിച്ച് സുപ്രീംകോടതി 

ന്യൂഡല്‍ഹി: അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ അടിയന്തര അനുമതി തേടി കേരളം സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. തെരുവുനായ്ക്കളുടെ ആക്രമണവുമായി ബന്ധപ്പെട്ട വ്യക്തിഗത കേസുകൾ ഹൈക്കോടതിയിൽ ഉന്നയിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ അക്രമം തടയുന്നതിനുള്ള നിയമങ്ങളും നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിവിധ ഹർജികളിൽ അടുത്ത വർഷം ഫെബ്രുവരിയിൽ സുപ്രീം കോടതി വിശദമായ വാദം കേൾക്കും.

ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വി.കെ ബിജു അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ അനുമതി തേടി. എന്നാൽ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് ഈ ആവശ്യം ഇപ്പോൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിന് കുടുംബശ്രീ യൂണിറ്റുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി പിൻവലിക്കണമെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ സി കെ ശശി ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവിനെതിരെ സ്പെഷ്യൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്യാനും സുപ്രീം കോടതി നിർദ്ദേശിച്ചു.

തെരുവുനായ്ക്കളുടെ ആക്രമണവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ ജസ്റ്റിസുമാരായ ജയശങ്കർ നമ്പ്യാർ, ഗോപിനാഥ് മേനോൻ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് കേരള ഹൈക്കോടതിയിൽ രൂപീകരിച്ചിട്ടുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ വി ചിദംബരേഷ് കോടതിയെ അറിയിച്ചു. ഇതേ തുടർന്ന്, തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട വ്യക്തിഗത കേസുകൾ ഈ ബെഞ്ചിന് പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. നിയമം ലംഘിച്ച് നായ്ക്കൾക്ക് നേരെ അക്രമങ്ങളുണ്ടായാൽ അതിനെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.