ഉദ്ധവ് താക്കറെക്ക് തിരിച്ചടി; ഷിൻഡെക്കൊപ്പം വേദി പങ്കിട്ട് സഹോദരൻ ജയദേവ് താക്കറെ
മുംബൈ: മഹാരാഷ്ട്രയിൽ ദസറ ദിനത്തിൽ ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗത്തിന് കനത്ത തിരിച്ചടി. മുംബൈയിലെ ബികെസി ഗ്രൗണ്ടിൽ നടന്ന ദസറ റാലിയിൽ ഉദ്ധവ് താക്കറെയുടെ മൂത്ത സഹോദരൻ ജയ്ദേവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കൊപ്പം വേദി പങ്കിട്ടു. ഉദ്ധവ് താക്കറെയുടെ ശിവസേന വിഭാഗം സെൻട്രൽ മുംബൈയിലെ ദാദറിലെ ശിവാജി പാർക്കിലാണ് റാലി നടത്തിയത്. സഹോദരൻ എതിർ പാളയത്തിലേക്ക് പോയത് ഉദ്ധവ് താക്കറെയ്ക്ക് വലിയ തിരിച്ചടിയായി.
ദസറ റാലിയിൽ ഇരുപക്ഷവും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തി. പിളർപ്പിന് ശേഷം, ഇരുപക്ഷവും ദസറ റാലിയെ ശക്തിപ്രകടനമായിട്ടാണ് കണക്കാക്കിയത്. “ശിവസേനയ്ക്ക് എന്ത് സംഭവിക്കും എന്നായിരുന്നു നേരത്തെയുള്ള ചോദ്യം. എന്നാൽ ഇവിടെയുള്ള ആൾക്കൂട്ടത്തെ കാണുമ്പോൾ ഉയരുന്ന ചോദ്യം വഞ്ചകർക്ക് എന്ത് സംഭവിക്കും എന്നതാണ്. എല്ലാ വർഷത്തേയും പോലെ ഇത്തവണയും രാവണനെ കത്തിക്കും. എന്നാൽ ഇത്തവണ വ്യത്യസ്തനായ രാവണനാണ്,” ഏക്നാഥ് ഷിൻഡെ വിഭാഗത്തെ ലക്ഷ്യമിട്ട് താക്കറെ പറഞ്ഞു.
ശിവസേനയെ ബിജെപി വഞ്ചിച്ചതിനാലാണ് സഖ്യം തകർന്നതെന്ന് ഉദ്ധവ് പറഞ്ഞു. ഭരണം പങ്കിടാമെന്ന് ബിജെപി സമ്മതിച്ചെന്ന് എന്റെ മാതാപിതാക്കളെക്കൊണ്ട് സത്യം ചെയ്യുന്നു. എന്നാൽ പിന്നീട് അങ്ങനെയൊന്നും തീരുമാനിച്ചിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞെന്നും താക്കറെ പറഞ്ഞു. ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കി പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ഇപ്പോൾ ബിജെപി ശ്രമിച്ചത്. എന്നാൽ എന്തുകൊണ്ട് ഇത് നേരത്തെ ചെയ്തില്ലെന്നും അദ്ദേഹം ചോദിച്ചു.