2022ലെ എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്

കോട്ടയം: കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം (2022) ശ്രീ സേതുവിന്, മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് സമർപ്പിക്കുന്നതായി സാംസ്കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ. മലയാള സാഹിത്യത്തിന് നൽകുന്ന സംഭാവനകൾ പരിഗണിച്ച് വർഷം തോറും നൽകുന്ന പുരസ്കാരം അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ്.

കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് കെ.സച്ചിദാനന്ദൻ ചെയർമാനും, പ്രൊഫസർ എം.കെ.സാനു, വൈശാഖൻ, കാലടി ശ്രീശങ്കരാചാര്യ സർവകലാശാല വൈസ് ചാൻസലർ ഡോ.എം.വി.നാരായണൻ, സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ.എ.എസ് എന്നിവർ അംഗങ്ങളുമായ പുരസ്കാര സമിതിയാണ് 2022 ലെ എഴുത്തച്ഛൻ പുരസ്കാരം നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന് നൽകണമെന്ന് ഏകകണ്ഠമായി ശുപാർശ ചെയ്തത്.

മലയാള ഫിക്ഷനിലും നോവലുകളിലും തന്‍റേതായ ഇടം നേടിയ മുതിർന്ന എഴുത്തുകാരനാണ് സേതു. സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ബാങ്ക് ഡയറക്ടർ, നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയർമാൻ എന്നീ പദവികളിൽ വളരെയധികം സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് അദ്ദേഹം.