കുടിവെള്ള പൈപ്പിലൂടെ മലിനജലം വിതരണം ചെയ്തു; ആലപ്പുഴയിൽ വാട്ടർ അതോറിറ്റിയ്ക്ക് വീഴ്ച

ആലപ്പുഴ: പുതുതായി സ്ഥാപിച്ച കുടിവെള്ള പൈപ്പിന്‍റെ കാര്യക്ഷമത പരിശോധിക്കാനെന്ന പേരിൽ ആലപ്പുഴയിൽ മലിനജലം വിതരണം ചെയ്തെന്ന് ആരോപണം. ആലപ്പുഴ കൊട്ടാരം പാലത്തിന് സമീപം വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് അശ്രദ്ധയുണ്ടായി എന്നാണ് റിപ്പോർട്ട്.

അമൃതം പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പുതിയ പൈപ്പ് ലൈൻ വഴി സമീപത്തെ തോട്ടിൽ നിന്നുള്ള മലിനജലം തുറന്നുവിടുകയായിരുന്നു. നാട്ടുകാർ നടത്തിയ പരിശോധനയിലാണ് തോട്ടിലെ ജലം പൈപ്പിലൂടെ വിടുന്നതായി കണ്ടെത്തിയത്. ഇതിന്‍റെ ദൃശ്യങ്ങൾ നാട്ടുകാർ പകർത്തിയിരുന്നു.

സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായെന്ന് നഗരസഭാ ചെയർപേഴ്സൺ സൗമ്യ രാജ് പറഞ്ഞു. പൈപ്പിന്‍റെ കാര്യക്ഷമത പരിശോധിക്കാൻ ആയിരുന്നെങ്കിൽ സമീപത്തെ വാട്ടർ ടാങ്കിൽ നിന്നുള്ള വെള്ളം അനുവദിക്കാമായിരുന്നെന്ന് ചെയർപേഴ്സൺ പറഞ്ഞു. അശ്രദ്ധ കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും ചെയർപേഴ്സൺ പറഞ്ഞു.