ലൈംഗികാതിക്രമ കേസുകളുടെ വർധന; പാക്ക് പഞ്ചാബിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും
ലഹോർ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമങ്ങൾ വർധിച്ചതിനെ തുടർന്ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ തീരുമാനിച്ച് അധികൃതർ. ബലാത്സംഗക്കേസുകൾ കൈകാര്യം ചെയ്യാൻ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഭരണകൂടം നിർബന്ധിതരായതായി പഞ്ചാബ് ആഭ്യന്തരമന്ത്രി അഥാ തരാർ പറഞ്ഞു.
പ്രവിശ്യയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമ കേസുകൾ അതിവേഗം വർദ്ധിക്കുന്നത് സമൂഹത്തിനും സർക്കാർ ഉദ്യോഗസ്ഥർക്കും ഒരുപോലെ ഒരു പ്രശ്നമാണ്. പഞ്ചാബിൽ ഓരോ ദിവസവും നാലോ അഞ്ചോ ബലാത്സംഗ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ലൈംഗികാതിക്രമ കേസുകൾ കൈകാര്യം ചെയ്യാൻ സർക്കാർ പ്രത്യേക നടപടികൾ പരിഗണിക്കുന്നുണ്ടെന്ന് പാകിസ്ഥാൻ മുസ്ലിം ലീഗ് (നവാസ്) ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ആഭ്യന്തരമന്ത്രി പറഞ്ഞു.
ബലാത്സംഗം, ക്രമസമാധാനം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും മന്ത്രിസഭാ സമിതി അവലോകനം ചെയ്യും. പൗരസമൂഹം, വനിതാ അവകാശ സംഘടനകൾ, അധ്യാപകർ, അഭിഭാഷകർ എന്നിവരുമായി കൂടിയാലോചന നടത്തും. ഇത്തരം സംഭവങ്ങൾ നിരീക്ഷണത്തിലാണ്. സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കണം. കുട്ടികളെ വീടുകളിൽ തനിച്ചാക്കി പോകരുതെന്നും ആഭ്യന്തരമന്ത്രി മാതാപിതാക്കളോട് അഭ്യർത്ഥിച്ചു.