ലൈംഗികാതിക്രമം; ശ്രീലങ്കന്‍ താരം ദനുഷ്‌ക ഗുണതിലകയെ സസ്പെൻഡ് ചെയ്തു

സിഡ്നി: ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയിൽ അറസ്റ്റിലായ ശ്രീലങ്കൻ ക്രിക്കറ്റ് താരം ദനുഷ്‌ക ഗുണതിലകയെ എല്ലാത്തരം ക്രിക്കറ്റ് ഫോർമാറ്റിൽ നിന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സസ്പെൻഡ് ചെയ്തു. തിങ്കളാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് താരത്തെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതായി ബോർഡ് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചത്.

വരാനിരിക്കുന്ന ടീം സെലക്ഷനുകളിലൊന്നും താരത്തെ പരിഗണിക്കില്ലെന്ന് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ തുടരന്വേഷണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും താരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

അതേസമയം, കേസിൽ ഗുണതിലകയുടെ ജാമ്യാപേക്ഷ ഓസ്ട്രേലിയൻ കോടതി തള്ളി. ഞായറാഴ്ച സിഡ്നിയിൽ നടന്ന ശ്രീലങ്ക-ഇംഗ്ലണ്ട് മത്സരത്തിന് പിന്നാലെയാണ് അദ്ദേഹത്തെ സിഡ്നി പോലീസ് അറസ്റ്റ് ചെയ്തത്. ഒരു യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്.