ഷാഫിക്ക് ഉണ്ടായിരുന്നത് മൂന്ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ; വിശദാംശങ്ങൾ തേടി പൊലീസ്

കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് മൂന്ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടായിരുന്നതായി തെളിഞ്ഞു. ഇതിൽ രണ്ടെണ്ണത്തിൽ മാത്രമാണ് പൊലീസിന് പരിശോധന നടത്താൻ കഴിഞ്ഞത്. മുഹമ്മദ് ഷാഫി ഉപയോഗിച്ച ഫോണിന്‍റെ വിശദാംശങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഫോൺ എറിഞ്ഞ് പൊട്ടിച്ചെന്ന് ഷാഫിയുടെ ഭാര്യ മൊഴി നൽകിയിരുന്നു.

ഇതിനിടെ ഭഗവൽ സിങ്ങിന്‍റെ വീട്ടിൽ നിന്ന് മന്ത്രവാദവുമായി ബന്ധപ്പെട്ട രണ്ട് പുസ്തകങ്ങൾ പൊലീസ് കണ്ടെത്തി. രണ്ടും മലയാളത്തിലുള്ള പുസ്തകങ്ങളാണ്. ഷാഫിയും ഭഗവൽ സിംഗും മാത്രമാണ് മനുഷ്യമാംസം ഭക്ഷിച്ചതെന്നാണ് മൊഴി. ചെറിയ അളവിൽ മാത്രമാണ് കഴിച്ചത്. ലൈല കഴിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. മാംസം പാകം ചെയ്ത പ്രഷർ കുക്കർ കണ്ടെത്തിയിട്ടുണ്ട്. ഇവ പരിശോധനയ്ക്ക് അയച്ചു.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും ഇന്നലെ പൊലീസ് കണ്ടെടുത്തിരുന്നു. നാല് വെട്ടുകത്തികൾ, രണ്ട് മരക്കഷണങ്ങൾ, ഒരു ഷേവിംഗ് സെറ്റ് എന്നിവയാണ് കണ്ടെടുത്തത്. ആയുധങ്ങളിൽ പ്രതികളുടെ വിരലടയാളങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഫ്രിഡ്ജിലും വീടിന്‍റെ തറയിലും രക്തക്കറ കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് ശേഷം തിരുമ്മ് കേന്ദ്രത്തിന് സമീപം എല്ലാ അവശിഷ്ടങ്ങളും കൂട്ടിയിട്ട് കത്തിച്ചതായി ഭഗവൽ സിംഗ് മൊഴി നൽകിയിരുന്നു. അതിനാൽ അവിടെ നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.