ഷാജഹാൻ വധം ; വിശദീകരണവുമായി സിപിഎം

പാലക്കാട്: മരുതറോഡ് കൊട്ടേക്കാട് കുന്നങ്കാട്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ച് ബി.ജെ.പിയും സി.പി.എമ്മും. കൊലപാതകം നടത്തിയത് ആർ.എസ്.എസാണെന്നും മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു ആരോപിച്ചു. ഷാജഹാനെ കൊലപ്പെടുത്തിയവർ വർഷങ്ങൾക്ക് മുമ്പ് സി.പി.എം വിട്ടവരാണെന്നും ഇപ്പോൾ പാർട്ടി പ്രവർത്തകരല്ലെന്നുമാണ് സി.പി.എം ജില്ലാ നേതൃത്വത്തിന്‍റെ വിശദീകരണം.

കൊലയാളി സംഘത്തിലെ അംഗങ്ങൾ നേരത്തെ തന്നെ പാർട്ടി വിട്ടിരുന്നു. ഇപ്പോൾ അവർ ആർ.എസ്.എസിന്‍റെ സജീവ പ്രവർത്തകരാണ്. വർഷങ്ങൾക്ക് മുമ്പ് പാർട്ടി വിട്ട ഇവർക്ക് ആർഎസ്എസിന്‍റെ സഹായം ലഭിച്ചിരുന്നു. പാലക്കാട് ശ്രീനിവാസൻ കൊല്ലപ്പെട്ടപ്പോൾ അവർ വിലാപയാത്രയിൽ പങ്കെടുത്തിരുന്നു. അപ്പോൾ പിന്നെ എങ്ങനെയാണ് ഇവർ സി.പി.എം പ്രവർത്തകരാണെന്ന് പറയാൻ കഴിയുക? ഷാജഹാനെ ലക്ഷ്യമിട്ടാണ് അവർ വന്നത്. അവിടെ മറ്റ് പാർട്ടി പ്രവർത്തകർ ഉണ്ടായിരുന്നിട്ടും അവർ ആക്രമിക്കപ്പെട്ടിട്ടില്ലെന്നും സുരേഷ് ബാബു ചൂണ്ടിക്കാട്ടി.

ബി.ജെ.പി പ്രവർത്തകൻ ആറുചാമിയെ കൊലപ്പെടുത്തിയ കേസിൽ ഷാജഹാനെ വിചാരണക്കോടതി ശിക്ഷിച്ചിരുന്നു. 2008ലാണ് കൊലപാതകം നടന്നത്. ഷാജഹാന് ആർഎസ്എസ് പ്രവർത്തകരിൽ നിന്ന് വധഭീഷണിയുണ്ടായിരുന്നെന്നും സിപിഎം നേതാക്കൾ ആരോപിച്ചു. ഷാജഹാന്‍റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസാണെന്ന് മലമ്പുഴ എംഎൽഎ പ്രഭാകരനും ആരോപിച്ചു.