ഷാജഹാൻ വധം; രാഷ്ട്രീയകൊലയ്ക്ക് തെളിവില്ലെന്ന് എഫ്ഐആർ

പാലക്കാട്: മലമ്പുഴ കൊട്ടേക്കാട് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ എട്ട് പ്രതികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഷാജഹാനോടുള്ള പ്രതികളുടെ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രാഥമിക പരിശോധനയിൽ രാഷ്ട്രീയ കൊലപാതകത്തിന്‍റെ തെളിവുകളില്ല.

ഒരു കൂട്ടം സി.പി.എം പ്രവർത്തകർ അടുത്തിടെ ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചിരുന്നു. ഈ വിഷയത്തെച്ചൊല്ലിയുള്ള ചില പ്രാദേശിക തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു.

കൊലപാതകം നടത്തിയ എട്ട് പേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അവർ ഒളിവിലാണ്. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഷാജഹാന്‍റെ മൃതദേഹം രാവിലെ 10 മണിക്ക് പോസ്റ്റ്മോർട്ടം ചെയ്യും. തുടർന്ന് വിലാപയാത്രയായി കൊട്ടേക്കാടേക്ക് കൊണ്ടുപോകും. പൊതുദർശനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ രാവിലെ തീരുമാനമെടുക്കും.

അതേസമയം കൊലപാതകത്തിൽ പ്രതിഷേധിച്ച് മരുതറോഡ് പഞ്ചായത്ത് പരിധിയിൽ സി.പി.എം ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു.