ഷാജഹാന്‍ വധം: 2 പ്രതികളെ കസ്റ്റഡിയിലെടുത്തു
പാലക്കാട്: മലമ്പുഴയിൽ സി.പി.എം പ്രവർത്തകൻ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളയാളും പ്രതിയെ സഹായിച്ചയാളുമാണ് അറസ്റ്റിലായത്. ഇരുവരും രണ്ടിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു.
സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഷാജനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എട്ട് പ്രതികളാണുള്ളത്. എട്ട് ബിജെപി അനുഭാവികളാണ് കൊലപാതകത്തിന് പിന്നിലെന്ന് ഷാജഹാന്‍റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് സുരേഷ് പറഞ്ഞു.
അന്വേഷണത്തിനായി പാലക്കാട് ഡിവൈ.എസ്.പി വി.കെ.രാജുവിന്‍റെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യമാണോ കൊലപാതകത്തിന് കാരണമെന്ന് പറയാനാകില്ലെന്നായിരുന്നു ജില്ലാ പൊലീസ് മേധാവിയുടെ ആദ്യ നിലപാട്. എന്നാൽ, വൈകുന്നേരത്തോടെ പ്രഥമവിവര റിപ്പോർട്ടിന്‍റെ പകർപ്പ് പുറത്തുവന്നതോടെ കൊലപാതകത്തിന്‍റെ കാരണം വ്യക്തമായി. രാഷ്ട്രീയ വൈരാഗ്യമാണ് കാരണമെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
പ്രതികളിൽ ചിലർ നേരത്തെ കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന്‍റെ ഉത്തരവാദിത്തത്തെക്കുറിച്ച് സി.പി.എമ്മും ബി.ജെ.പിയും ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിക്കുന്നത് തുടരുന്ന സാഹചര്യത്തിൽ പ്രതികളെ പിടികൂടാൻ വൈകുന്നത് വിമർശനത്തിന് ഇടയാക്കും. ജില്ലാ പൊലീസ് മേധാവി നേരിട്ട് അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ട്.