ഷാജഹാന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമാണെന്ന് എഫ്.ഐ.ആർ റിപ്പോർട്ട്

പാലക്കാട്: മലമ്പുഴ കുന്നംകോട് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്‍റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് എഫ്.ഐ.ആർ റിപ്പോർട്ട്. ഷാജഹാന്‍റെ കാലിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റതായി എഫ്ഐആറിൽ പറയുന്നു. ശബരി, അനീഷ് എന്നീ രണ്ട് പേരാണ് ഷാജഹാനെ വെട്ടിയതെന്ന് ദൃക്സാക്ഷിയായ സുരേഷ് പറഞ്ഞു. തന്റെ മകൻ സുജീഷും അക്രമി സംഘത്തിലുണ്ടായിരുന്നുവെന്ന് സുരേഷ് പറയുന്നു.

പാർട്ടി അംഗമായ സുരേഷിന്‍റെയും സുകുമാരൻ എന്ന മറ്റൊരാളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സുരേഷാണ് ഷാജഹാനെ ആശുപത്രിയിലെത്തിച്ചത്. ആദ്യം ശബരിയും പിന്നീട് അനീഷും വെട്ടിയെന്നാണ് സുരേഷിന്റെ മൊഴി.ഈ മേഖലയില്‍ കഴിഞ്ഞ ബ്രാഞ്ച് സമ്മേളനം മുതല്‍ പ്രശ്നങ്ങളുണ്ടായിരുന്നു.

കൊലക്കേസിൽ ജയിലിൽ കഴിയുന്നയാളെ പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമാക്കുന്നുവെന്ന് ആരോപണമുയർന്നിരുന്നു. ചിലർ ബ്രാഞ്ച് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി, അവരിൽ ചിലർ ബി.ജെ.പിയിൽ ചേർന്നു. എന്നാൽ പ്രതികൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു പറഞ്ഞു.