അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനില്‍ സെക്രട്ടറി ജനറലായി ഷാജി പ്രഭാകരൻ

ന്യൂഡല്‍ഹി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ സെക്രട്ടറി ജനറലായി ഷാജി പ്രഭാകരനെ തിരഞ്ഞെടുത്തു. പ്രസിഡന്റ് കല്യാൺ ചൗബെയുടെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടേതാണ് തീരുമാനം. മാവേലിക്കര സ്വദേശിയായ ഷാജി നിലവിൽ ഡൽഹി ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡന്റാണ്. ഈ പദവിയിലെത്തുന്ന രണ്ടാമത്തെ മലയാളിയാണ് 50 കാരനായ ഷാജി. പി.പി. ലക്ഷ്മണൻ നേരത്തെ ഫെഡറേഷന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഫെഡറേഷന്റെ ടെക്നിക്കൽ കമ്മിറ്റിയുടെ ചെയർമാനായി ഐ.എം. വിജയൻ തിരഞ്ഞെടുക്കപ്പെട്ടു. ഷബീർ അലിയാണ് ഉപദേശക സമിതി ചെയർമാൻ. ബൈചുങ് ബൂട്ടിയയെ പരാജയപ്പെടുത്തിയാണ് ചൗബേ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഫിഫ, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ, അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ എന്നിവയിൽ നിരവധി സ്ഥാനങ്ങൾ ഷാജി പ്രഭാകരൻ വഹിച്ചിട്ടുണ്ട്. ഫുട്ബോളിലെ ഏറ്റവും മികച്ച അഡ്മിനിസ്ട്രേറ്റർമാരിൽ ഒരാളായി അദ്ദേഹം അറിയപ്പെടുന്നു. ഫിഫയുടെ സൗത്ത് സെൻട്രൽ ഏഷ്യ ഡെവലപ്മെന്റ് ഓഫീസറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.