ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ നിന്ന് ഷമിയും ഹൂഡയും പുറത്ത്

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ നിന്ന് ദീപക് ഹൂഡയെയും മുഹമ്മദ് ഷമിയെയും ഒഴിവാക്കി. നടുവേദനയാണ് ഹൂഡയുടെ പുറത്താകലിന് വഴിയൊരുക്കിയത്. ഷമി കോവിഡിൽ നിന്ന് പൂർണ്ണമായും മുക്തനായിട്ടില്ല. ശ്രേയസ് അയ്യർ, ഷഹബാസ് അഹമ്മദ് എന്നിവരെയാണ് പകരക്കാരായി ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഷമിക്ക് പകരക്കാരനായി ടീമിലെത്തിയ ഉമേഷ് യാദവ് ടീമിനൊപ്പം തുടരും. നേരത്തെ, മാറ്റം ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ബിസിസിഐ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.

കൂടുതൽ പരിശോധനയ്ക്കായി ഹൂഡ ബാംഗ്ലൂരിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെത്തും. ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ ഫിറ്റ്നസും പരിശോധിക്കും. നേരത്തെ ഭുവനേശ്വറിന് വിശ്രമം അനുവദിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ അര്‍ഷ്ദീപാണ് കളിക്കുന്നത്.