ഷംസീറിന് പ്രായത്തിനതീതമായ പക്വതയെന്ന് മുഖ്യമന്ത്രി; റഫറി ആകേണ്ടതില്ലെന്ന് സതീശന്‍
തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ സ്പീക്കറായി ചുമതലയേറ്റ എഎൻ ഷംസീറിനെ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങിയവർ അഭിനന്ദിച്ചു. പ്രായത്തിനതീതമായ പക്വതയും അറിവും ഷംസീറിനുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കർ റഫറിയാണെന്നോ നിഷ്പക്ഷനായ വ്യക്തിയാകണമെന്നോ അഭിപ്രായമുള്ള ആളല്ല താനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പറഞ്ഞു. ഷംസീർ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സഭയിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
സഭാനടപടികൾ മികച്ച ജനാധിപത്യരീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നതിലും സഭാംഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും മികവ് പുലർത്തിയ പ്രഗത്ഭരായ ഒരു കൂട്ടം വ്യക്തിത്വങ്ങളെയാണ് ഈ നിയമനിർമ്മാണസഭയുടെ ചരിത്രത്തിൽ എക്കാലവും കണ്ടത്. ആ പാരമ്പര്യം കൂടുതൽ ശക്തമായി, ഊർജ്ജസ്വലതയോടെ മുന്നോട്ട് കൊണ്ടുപോകാൻ ഷംസീറിന് കഴിയുമെന്നതിൽ തനിക്ക് സംശയമില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു.
താരതമ്യേന ചെറുപ്രായത്തിൽ തന്നെ സഭാ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വന്ന നിരവധി പേരുണ്ട്. ആ നിരയിലാണ് ഷംസീറിന്റെയും സ്ഥാനം. ചെറുപ്രായത്തിൽ തന്നെ സഭയുടെ പ്രസിഡന്‍റായ സി.എച്ച് മുഹമ്മദ് കോയയെപ്പോലുള്ളവരുടെ കാര്യവും ഞാൻ മറക്കുന്നില്ല. അത്ര ചെറുപ്പമല്ലെങ്കിലും, പ്രായത്തിനതീതമായ അറിവും പക്വതയും ഷംസീറിനുണ്ട്. അത് അത് ഈ സഭയുടെ നടത്തിപ്പിന് ഒരു മുതൽക്കൂട്ടായിരിക്കും. സഭയിലെ 33 അംഗങ്ങൾ 27നും 48നും ഇടയിൽ പ്രായമുള്ളവരാണ്. സഭയ്ക്ക് പൊതുവെ ഒരു യുവത്വമുണ്ട്. ആ പ്രായഗണത്തില്‍പ്പെട്ട ഒരാള്‍ അധ്യക്ഷ സ്ഥാനത്ത് വരുമ്പോള്‍ സഭയുടെ സമസ്ത പ്രവര്‍ത്തന മണ്ഡലത്തിലും പ്രസരിപ്പ് വരും എന്ന് വേണം കരുതാനെന്നും മുഖ്യമന്ത്രി പറഞ്ഞു.