ഷെയ്ൻ നിഗം, നീരജ് മാധവ്, ആന്‍റണി വർഗീസ്; ആർഡിഎക്‌സ് ഷൂട്ടിംഗ് തുടങ്ങുന്നു

ഷെയ്ൻ നിഗം, നീരജ് മാധവ്, ആന്‍റണി വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘ആർഡിഎക്‌സി’ന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥയും നഹാസ് ഹിദായത്തിന്‍റേതാണ്. ഡിസംബർ 15ന് കൊച്ചിയിൽ ആർഡിഎക്‌സിന്റെ ചിത്രീകരണം ആരംഭിക്കും.

ഓഗസ്റ്റ് 23ന് ആരംഭിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായെങ്കിലും മോശം കാലാവസ്ഥ കാരണം ഷൂട്ടിംഗ് കുറച്ച് ദിവസത്തേക്ക് കൂടി മാറ്റിവയ്ക്കുകയായിരുന്നു.  ഇതിനിടെ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ആന്‍റണി വർഗീസിന്‍റെ കൈയ്ക്ക് പരിക്കേറ്റു. സുഖം പ്രാപിക്കാൻ കുറച്ച് സമയമെടുത്തു.

ഇത് പൂർണ്ണമായും ഒരു ആക്ഷൻ സിനിമയായതിനാൽ, കൈയിലെ പരിക്ക് പൂർണ്ണമായും സുഖപ്പെടേണ്ടി വന്നു. അങ്ങനെ, സാങ്കേതിക തടസ്സങ്ങൾ മറികടന്നാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. ചിത്രം വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ഒരു പവർ ആക്ഷൻ സിനിമയായിരിക്കുമെന്നാണ് റിപ്പോർട്ട്. സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്. വീക്കെൻഡ് ബ്ലോഗ് ബസ്റ്ററിന്‍റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.