ഷാരോൺ രാജിന്റെ കൊലപാതകം; ഗ്രീഷ്മയുടെ കുടുംബത്തിനും പങ്കുണ്ടെന്ന് സഹോദരൻ

തിരുവനന്തപുരം: ഷാരോൺ രാജിന്റെ കൊലപാതകത്തിൽ ഗ്രീഷ്മയുടെ കുടുംബത്തിനും പങ്കുണ്ടെന്ന് സഹോദരൻ ഷിമോൺ. ഷാരോണിന് ഇടയ്ക്കിടെ ഛർദ്ദി ഉണ്ടായിരുന്നു. മുമ്പും വിഷം കൊടുത്തിട്ടുണ്ടാകാമെന്ന് ഷിമോൺ പറഞ്ഞു. പാറശ്ശാല പൊലീസിന് വീഴ്ച പറ്റിയെന്നും ഷാരോണിന്‍റെ കുടുംബം ആരോപിച്ചു. എന്താണ് കഴിച്ചതെന്ന് അറിഞ്ഞിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നെന്നും ഷിമോൺ കൂട്ടിച്ചേർത്തു. തെളിവ് നൽകിയിട്ടും പാറശ്ശാല പൊലീസ് ലാഘവത്തോടെയാണ് പെരുമാറിയതെന്ന് ഷാരോണിന്‍റെ കുടുംബം ആരോപിച്ചു.

കേസന്വേഷണത്തിൽ പാറശ്ശാല പൊലീസ് അലംഭാവം കാട്ടിയെന്നാണ് ഷാരോണിന്‍റെ സഹോദരൻ ഷിമോൺ ആരോപിക്കുന്നത്. പാറശ്ശാല എസ്.ഐ ഉൾപ്പെടെയുള്ളവർ പെൺകുട്ടിയെ പിന്തുണച്ചതായി ഷിമോൺ പറഞ്ഞു. കഷായത്തിന്റെ രാസപരിശോധനയുടെ ആവശ്യമില്ലെന്ന് പൊലീസ് പറഞ്ഞതായും ഷിമോൺ പറഞ്ഞു. ആ പെൺകുട്ടി അങ്ങനെ ചെയ്യില്ലെന്നാണ് പൊലീസ് പറഞ്ഞത്. ഡോക്ടറുടെയും കുപ്പിയുടെയും വിശദാംശങ്ങൾ ശേഖരിച്ചോ എന്ന് ചോദിച്ചപ്പോൾ അതിന്‍റെ ആവശ്യമില്ലെന്നാണ് പൊലീസ് പറഞ്ഞതെന്നും ഷിമോൺ പറഞ്ഞു.