ഷാരോണ്‍ വധം; കേരള പൊലീസിൻ്റെ അന്വേഷണം ചോദ്യം ചെയ്യപ്പെട്ടേക്കുമെന്ന് എജി

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസിൽ കേരള പൊലീസിന്‍റെ അന്വേഷണം ചോദ്യം ചെയ്യപ്പെട്ടേക്കുമെന്ന് നിയമോപദേശം. കുറ്റപത്രം സമർപ്പിക്കുമ്പോൾ അന്വേഷണത്തിന്‍റെ പരിധി സംബന്ധിച്ച് എതിര്‍ഭാഗം തടസം ഉന്നയിച്ചേക്കുമെന്നാണ് നിയമോപദേശം. അഡ്വക്കേറ്റ് ജനറൽ ആണ് (എജി) നിർണായക നിയമോപദേശം നൽകിയത്.

കേസ് തമിഴ്നാട് പൊലീസിന് കൈമാറുന്നതാണ് ഉചിതമെന്ന് എജി പറഞ്ഞു. കേരള പൊലീസിന്‍റെ അന്വേഷണം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നും എജി പറഞ്ഞു. കേരള പൊലീസിന് ലഭിച്ച ആദ്യ നിയമോപദേശത്തിൽ ഇരു കൂട്ടർക്കും അന്വേഷിക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ 2 ഏജൻസികളുടെ അന്വേഷണം നിലനിൽക്കില്ലെന്നാണ് എജിയുടെ നിലപാട്.

തമിഴ്നാട് പൊലീസിന്‍റെ അധികാരപരിധിയിലാണ് കുറ്റകൃത്യം നടന്നത്. ഗ്രീഷ്മ ഷാരോണിനെ കൊല്ലാൻ ആസൂത്രണം നടത്തുന്നതും വിഷം നല്‍കുന്നതും തമിഴ്‌നാട് പൊലീസിന്റെ പരിധിയില്‍ വച്ചാണ്. എന്നാൽ മരണം നടന്നത് കേരളത്തിലാണ്. പാറശ്ശാല പൊലീസാണ് കേസിൽ ആദ്യം അന്വേഷണം ആരംഭിച്ചത്.