രമേശ് ചെന്നിത്തല ഖാർഗെയ്ക്കുവേണ്ടി പ്രചാരണം നടത്തിയതിൽ പരാതിയുമായി ശശി തരൂർ

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ രമേശ് ചെന്നിത്തലയുടെ പരസ്യ പ്രചാരണത്തിനെതിരെ ശശി തരൂർ. മല്ലികാർജുൻ ഖാർഗെയ്ക്ക് വേണ്ടി രമേശ് ചെന്നിത്തല നടത്തുന്ന പ്രചാരണം തിരഞ്ഞെടുപ്പ് അതോറിറ്റി പരിശോധിക്കണമെന്ന് തരൂർ ആവശ്യപ്പെട്ടു. നടപടിയെടുക്കേണ്ടത് തിരഞ്ഞെടുപ്പ് അതോറിറ്റിയാണെന്നും, പല സംസ്ഥാനങ്ങളിലും സമാനമായ രീതിയിലാണ് പ്രചാരണം നടത്തുന്നതെന്നും തരൂർ പറഞ്ഞു. മുൻ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തല മല്ലികാർജുൻ ഖാർഗെയ്ക്ക് വേണ്ടി പരസ്യമായി പ്രചാരണം നടത്തിയിരുന്നു.

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ സ്ഥാനാർത്ഥികൾ ഊർജ്ജസ്വലമായ പ്രചാരണമാണ് നടത്തുന്നത്. 12 നഗരങ്ങളിൽ 16 ദിവസമായി പ്രചാരണം നടത്തുന്ന തരൂരിനെ പിന്തള്ളി മല്ലികാർജുൻ ഖാർഗെ ആറ് ദിവസം കൊണ്ട് 12 നഗരങ്ങളിലെത്തി വോട്ട് തേടി.

നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ പ്രകടന പത്രിക പുറത്തിറക്കിയാണ് തരൂർ പ്രചാരണം ആരംഭിച്ചത്. തനിക്ക് ഒരു വലിയ വിഭാഗത്തിന്‍റെ രഹസ്യ പിന്തുണയുണ്ടെന്നും ഔദ്യോഗിക സ്ഥാനാർത്ഥികൾ പരാജയപ്പെട്ട ചരിത്രമുണ്ടെന്നും തരൂർ പറഞ്ഞു.