ശശി തരൂരിന് തമിഴ്നാട്ടിൽ പിന്തുണ കുറവ്; യോഗത്തിനെത്തിയത് 12 പേർ

ചെന്നൈ: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് തമിഴ്നാട്ടിൽ നിന്ന് കാര്യമായ പിന്തുണയില്ല. തിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള അംഗങ്ങളെ കാണാൻ ചെന്നൈയിലെത്തിയ ശശി തരൂരിന് തണുത്ത പ്രതികരണമാണ് ലഭിച്ചത്. തമിഴ്നാട്ടിൽ 700 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. എന്നാൽ പാർട്ടി സംസ്ഥാന ആസ്ഥാനമായ സത്യമൂർത്തി ഭവനിൽ നടന്ന യോഗത്തിൽ 12 പേർ മാത്രമാണ് പങ്കെടുത്തത്.

ശശി തരൂരിന്റെ യോഗത്തിൽ പങ്കെടുത്താൽ പാർട്ടിയുടെ ‘ഔദ്യോഗിക’ സ്ഥാനാർത്ഥിക്കെതിരെ നീങ്ങുന്നതായി വ്യാഖ്യാനിക്കപ്പെടുമോ എന്ന ഭയമാണ് യോഗത്തിൽ നിന്ന് അംഗങ്ങൾ വിട്ടുനിൽക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. അവസാന മണിക്കൂറിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച മല്ലികാർജുൻ ഖാർഗെ ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെങ്കിലും ഗാന്ധി കുടുംബത്തിന്‍റെ പിന്തുണ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

യോഗത്തിൽ പങ്കെടുക്കാതിരുന്നത് അവരുടെ നഷ്ടമാണെന്ന് തരൂർ പ്രതികരിച്ചു. “വന്നിരുന്നെങ്കിൽ ക്രിയാത്മകമായി സംസാരിക്കാമായിരുന്നു. ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന് ഗാന്ധി കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. ഖാർഗെയാണ് ഔദ്യോഗിക സ്ഥാനാർത്ഥിയെന്ന മിഥ്യാധാരണ ഞങ്ങൾ മാറ്റും,” അദ്ദേഹം കൂട്ടിച്ചേർത്തു.