ശശി തരൂർ ഇന്ന് തലസ്ഥാനത്ത്; കോൺഗ്രസിൽ ചേരിതിരിവും ശീതയുദ്ധവും സജീവം

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ ചേരി തിരിവിനും ശീതപ്പോരുകൾക്കുമിടെ ശശി തരൂർ ഇന്ന് തിരുവനന്തപുരത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും. പൊതുപരിപാടികൾക്കൊപ്പം കത്ത് വിവാദത്തിൽ കോർപ്പറേഷന് മുന്നിലെ യുഡിഎഫ് സമരവേദിയിലും അദ്ദേഹം രാവിലെ പത്തുമണിയോടെ എത്തും. തലസ്ഥാനത്ത് യുഡിഎഫിന്റെ നേതൃത്വത്തിൽ വൻ പ്രതിഷേധ പരിപാടികൾ നടന്നിട്ടും തരൂർ അതിൽ പങ്കാളിയാവുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ലെന്ന് കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് പരോക്ഷമായി കുറ്റപ്പെടുത്തിയിരുന്നു. ഇതിനെ മറികടക്കാനാണ് തരൂർ ഇന്ന് എത്തുന്നതെന്നാണ് സൂചന. വിഴിഞ്ഞം സമരത്തോടും കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ഭിന്നമായ നിലപാടാണ് തരൂർ സ്വീകരിച്ചതെന്ന് ആക്ഷേപമുണ്ട്. ഇക്കാര്യങ്ങളെല്ലാം ഇന്ന് ചർച്ചയിലേക്ക് വരാനാണ് സാധ്യത.

വിഭാഗീയ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന വി ഡി സതീശന്‍റെ മുന്നറിയിപ്പ് അവഗണിച്ചാണ് ശശി തരൂർ മുന്നോട്ട് പോകുന്നത്. മലബാർ സന്ദർശനത്തിന് ശേഷം മറ്റ് ജില്ലകളിലും സമാനമായ പരിപാടി സംഘടിപ്പിക്കും. അടുത്ത മാസം മൂന്നിന് കോട്ടയത്തും അടുത്ത മാസം നാലിന് പത്തനംതിട്ടയിലും വിവിധ പരിപാടികളിൽ തരൂർ പങ്കെടുക്കും. അതേസമയം, വിഭാഗീയതയെക്കുറിച്ചുള്ള ചോദ്യങ്ങളോട് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പ്രതികരിച്ചില്ല. 

ശശി തരൂരിന്റെ മലബാർ സന്ദർശനവുമായി ബന്ധപ്പെട്ട പരസ്യപ്രസ്താവനകൾ അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഭാഗീയത അനുവദിക്കില്ലെന്ന വി.ഡി സതീശന്‍റെ ശകാരത്തിന്‍റെ രൂപത്തിൽ മുന്നറിയിപ്പ് വന്നത്. മാധ്യമങ്ങൾ ഊതി വീർപ്പിച്ച ബലൂണുകൾക്ക് അധികം ആയുസ്സില്ലെന്ന പരിഹാസവും ഉണ്ടായി. എല്ലാം ചിരിച്ചുതളളി തരൂര്‍ തന്‍റെ പര്യടന പരിപാടികളുമായി മുന്നോട്ട് നീങ്ങുകയാണ്. ശക്തമായ പിന്തുണയുമായി എം കെ രാഘവന് പിന്നാലെ കെ മുരളീധരനും രം​ഗത്തെത്തി. തരൂരിന്റെ വടക്കൻ കേരളത്തിലെ 4 ദിവസത്തെ സന്ദർശനത്തിന് പ്രതീക്ഷിച്ചതിലും കൂടുതൽ പിന്തുണ ലഭിക്കുകയും മറ്റ് ജില്ലകളിലും സമാനമായ പരിപാടികൾ ആസൂത്രണം ചെയ്യുകയും പ്രതീക്ഷിച്ചതിലും വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തു. മൂന്നിന് കോട്ടയത്തെ കെ.എം.ചാണ്ടി അനുസ്മരണത്തിൽ പങ്കെടുക്കുന്ന തരൂർ അന്നേ ദിവസം തന്നെ പാലാ ബിഷപ്പുമായും കൂടിക്കാഴ്ച നടത്തും. പത്തനംതിട്ടയിൽ നാലിന് പരിപാടി നടക്കും. തരൂരിന്റെ നീക്കം വിഭാഗീയതയുണ്ടാക്കുന്ന നീക്കമാണെന്നാണ് ഐ ഗ്രൂപ്പിന്‍റെ വിലയിരുത്തൽ. എന്നാൽ തരൂരിനെ പിന്തുണച്ച് എ ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്.