ശശി തരൂര്‍ എംപി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഉറപ്പായി

ന്യൂഡല്‍ഹി: ശശി തരൂർ എംപി കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് സമർപ്പിക്കേണ്ട നാമനിർദ്ദേശ പത്രികയുടെ ഫോം തരൂരിന്റെ പ്രതിനിധി കോൺഗ്രസ്സ് ആസ്ഥാനത്ത് നിന്ന് കൈപ്പറ്റി. നാമനിർദ്ദേശ പത്രികകൾ ഇന്ന് മുതലാണ് സ്വീകരിക്കുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 30ന് ആണ്. ഊഹാപോഹങ്ങൾക്കിടയിൽ ആദ്യ ദിവസം തന്നെ തരൂർ സ്ഥാനാർത്ഥിത്വത്തിന് സ്ഥിരീകരണം നൽകുകയാണ്. കോൺഗ്രസ്സ് സെൻട്രൽ ഇലക്ഷൻ അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രിയിൽ നിന്നാണ് തരൂരിന്റെ പ്രതിനിധി ഫോം സ്വീകരിച്ചത്.

തന്‍റെ സ്ഥാനാർത്ഥിത്വത്തിനായി അഞ്ച് സെറ്റ് നാമനിർദേശ പത്രികയാണ് തരൂർ കത്തിൽ ആവശ്യപ്പെട്ടതെന്ന് കോൺഗ്രസ്സ് വൃത്തങ്ങൾ അറിയിച്ചു.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെയാണ് തരൂർ മത്സരിക്കുന്നത്. അദ്ദേഹം ഉടൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരെയും ഔദ്യോഗിക സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കില്ലെന്ന് കോൺഗ്രസ്സ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നെഹ്റു കുടുംബത്തിൽ നിന്ന് ആരും ഇത്തവണ മത്സരിക്കുന്നില്ലെന്നതാണ് ശ്രദ്ധേയം. അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് രാഹുല്‍ ഗാന്ധി തീര്‍ത്ത് പറഞ്ഞതോടെയാണ് തിരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നത്.